പ്രണയം പറഞ്ഞ് കീർത്തി സുരേഷും വിശാലും; ‘സണ്ടക്കോഴി 2’ വിലെ ഗാനത്തിന്റെ ടീസർ കാണാം

September 1, 2018

തമിഴകവും മലയാളികളും ഒരുപോലെ ആസ്വദിച്ച എൻ ലിങ്കുസ്വാമി ചിത്രം ‘സണ്ടക്കോഴി’യുടെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കീർത്തി സുരേഷും വിശാലും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ‘സണ്ടക്കോഴി 2’  ഒരു റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ചിത്രത്തിലെ ഗാനത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

പ്രണയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഗാനത്തിലെ വിശാലിന്റെയും കീർത്തിയുടെയും പ്രകടനം പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ  ‘കമ്പത്തുപൊണ്ണ്’ എന്ന ഗാനത്തിന്റെ ടീസറാണു പ്രേക്ഷക മനം കവരാൻ എത്തിയത്. യുവാൻ ശങ്കർ രാജ സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തയ്യാറാക്കിയിരിക്കുന്നത് യഗതാശിയാണ്.

ചിത്രത്തിലെ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയുടെ പിറന്നാൾ ദിനത്തിലാണ് ഗാനത്തിന്റ ടീസർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ  രണ്ടു കഥാപാത്രങ്ങളായാണു വിശാൽ എത്തുന്നത്. വിശാലിനും കീർത്തിക്കും പുറമെ വരലക്ഷ്മി, രാജ്‌കിരണ്‍, സൂരി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആരാധകർ കാത്തിരിക്കുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും.