lakshya

അധ്യാപകദിനത്തില്‍ പ്രീയപ്പെട്ട ടീച്ചര്‍ക്ക് സര്‍പ്രൈസ്; ഹൃദയം തൊടും ഈ കുറിപ്പുകള്‍

September 6, 2018

അധ്യാപകദിനത്തില്‍ പ്രീയപ്പെട്ട ടീച്ചര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നതിന് ഫഌവേഴ്‌സ് ഓണ്‍ലൈന്‍ ചെറിയൊരു അവസരം നല്‍കിയപ്പോള്‍ നിരവധി പേരാണ് പ്രതികരിച്ചത്. ഒരുപാട് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട അധ്യാപകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയും ആഴവും വ്യക്തമാക്കുന്നവയായിരുന്നു ഓരോ കമന്റും. കുട്ടികള്‍ എത്ര വളര്‍ന്നാലും അധ്യാപകന് അവരെന്നും വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. സ്‌കൂള്‍ ജീവിതവും കലാലയ ജീവിതവുമൊക്കെ പിന്നിട്ട് ജീവിത്തതിന്റെ തിരക്കുകളിലേക്ക് നടന്നകലുമ്പോഴും പലരും നെഞ്ചോട് ചേര്‍ക്കാറുണ്ട് അധ്യാപകര്‍ നല്‍കിയ അറിവിന്റെ വെളിച്ചവും പ്രചോദനവുമെല്ലാം.

ഹൃദയസ്പര്‍ശിയായ കുറിപ്പുകളാണ് പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ച് ഓരോ വിദ്യാര്‍ത്ഥികളും പങ്കുവെച്ചത്. അപ്രതീകഷിതമായി വിദ്യാര്‍ത്ഥികളുടെ ആശംസകള്‍ കണ്ട അധ്യാപകരില്‍ ചിലരും തങ്ങളുടെ സന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ചുള്ള മികച്ച ചില ഓര്‍മ്മക്കുറിപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു.

പി.കെ.കെ.എസ്.എം. എച്ച്.എസ്.എസിലെ ഷാജഹാന്‍ സാറിനെക്കുറിച്ച് സുമയ്യ പങ്കുവെച്ച ഓര്‍മ്മ
10ാം ക്ലാസ് കഴിഞ്ഞു +1, +2 പോകുമ്പോള്‍ വിവാഹ ആലോചന വരുന്ന പ്രായം. മുസ്ലിം കുട്ടികളെ അന്ന് ആ പ്രായത്തില്‍ കെട്ടിച്ചയക്കും. അന്ന് ഞാന്‍ സ്‌കൂളിന്റെ മാപ്പിളപ്പാട്ട് കാരിയും കൂടിയാണ്. ആലോചന വന്നു കൊണ്ടിരിക്കുന്ന സമയം ഞാന്‍ വിഷമിച്ചു. എന്റെ എല്ലാ കഴിവും അവിടെ തീര്‍ന്നു എന്ന് ഞാന്‍ എന്റെ അധ്യാപകാരോട് പറഞ്ഞു. അവര്‍ വീട്ടുകാരുമായും സംസാരിച്ചു. വീട്ടുകാര്‍ ആലോചന വന്നത് നിര്‍ത്തി. സ്‌കൂളില്‍ കലോത്സവത്തിന് എന്റെ പാട്ട് വീട്ടുകാര്‍ സമ്മതിക്കില്ല. പെണ്‍കുട്ടികള്‍ ഒരു പ്രായം കഴിഞ്ഞാല്‍ സ്റ്റേജില്‍ കയറാന്‍ പാടില്ല എന്നുള്ള ശാസന. അവിടെയും എന്റെ രക്ഷകന്‍ എന്റെ പ്രിന്‍സിപ്പാള്‍. മാതാവിന്റെ നാട്ടുകാരന്‍ കൂടി ആയ ഷാജഹാന്‍ സാര്‍. അങ്ങനെ വീണ്ടും പാടാന്‍ പോയി ജില്ലാ കലോത്സവ വേദിയില്‍ എത്തി. വിജയം എിക്കായിരുന്നു. അത് കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഷാജഹാന്‍ സാര്‍ എനിക്ക് തന്ന കോണ്‍ഫിഡന്റ് ഒന്നിനും തളരരുത് എന്നായിരുന്നു. മോള്‍ക്ക് അള്ളാഹു നല്ല ഭാവി തരും എന്നുള്ള അനുഗ്രഹം നിറഞ്ഞ വാക്കുകള്‍.

വിവാഹം കഴിഞ്ഞു. തുടര്‍ന്നും പഠിക്കാന്‍ പോയി. ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് തളര്‍ത്തി എന്നെ എന്നാലും സാറിന്റെ വാക്കുകള്‍ മനസ്സില്‍ ആശ്വാസം തന്നിരുന്നു. അത് മനസ്സില്‍ എന്നും അലയടിച്ചു. ദിവസങ്ങള്‍ ആഴ്ച കാള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍( 8 വര്‍ഷം )കഴിഞ്ഞു. പെട്ടെന്നൊരു ദിനം മക്കളുടെ സ്‌കൂളില്‍ കോര്‍ഡിനേറ്റര്‍ ആയി അവസരം വന്നു. ഒരു നവമി ആഘോഷം. എന്നോട് പാടാന്‍ പറഞ്ഞു. പാടി. പിന്നീട് പാട്ടുകാരി ആയി വേദിയില്‍.. നല്ല അദ്ധ്യാപിക ആയി.. ഷാജഹാന്‍ സാര്‍ തന്ന വാക്കാണ് ഇന്നും എന്റെ ബലം. അതിലേറെ എന്റെ അധ്യാപകര്‍ കാണിച്ചു തന്ന നന്മ നിറഞ്ഞ മാതൃക. ഇന്ന് ഞാന്‍ നല്ല ഒരു അദ്ധ്യാപിക ആയി. സാമൂഹ്യമാധ്യമങ്ങള്‍ വഴി സമൂഹം അറിയുന്ന പാട്ടുകാരി ആയി മാതാ പിതാക്കളുടെ അനുഗ്രഹം മാത്രമല്ല.. എന്റെ അധ്യാപരുടെ അനുഗ്രഹം തന്നെയാണ് ഇന്ന് ഇവിടെ വരെ ഉള്ള എന്റെ വിജയങ്ങള്‍ക് കാരണം. മാതാ പിതാ ഗുരു ദൈവം.. നാവില്‍ മൊഴിഞ്ഞത് എന്നും വിജയ കൊടി പാറട്ടെ!

ഭാവനാസ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ജയശ്രീ ടീച്ചറെക്കുറിച്ച് കാര്‍ത്തിക ജയരാജ് മേനോന്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പ്
എന്റെ ഓര്‍മ്മയില്‍ ഞങ്ങളുടെ ജയശ്രീ മാം. പുസ്തകങ്ങളുടെ ലോകത്തില്‍ മാത്രമേ ടീച്ചറേ കാണാന്‍ സാധിക്കു. ആദ്യമൊക്കെ തോന്നി എങ്ങനെ ബുക്‌സ് നോട് പ്രണയം തോന്നി എന്നു. പക്ഷെ ഞങ്ങളുടെ പ്രൊജക്റ്റ് സമയവും പരീക്ഷ സമയവും ഏറ്റവും ആവശ്യം ലൈബ്രറി ബുക്‌സ് ആയിരിക്കും. ആ സമയം അവിടേക്ക് ഒരു ഓട്ടം ആയിരുന്നു. എപ്പോള്‍ ചെന്നാലും പുഞ്ചിരി തൂവി ആണ് ടീച്ചര്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിക്കൂ ഏതു ബുക്കിനെപ്പറ്റി ചോദിച്ചാലും ടീച്ചറിന് അറിയാം. അതു കൊണ്ട് തന്നെ. എപ്പോള്‍ പോയാലും നിരാശര്‍ ആകേണ്ടി വരാറില്ല. എത്രയൊക്കെ കുരുത്തക്കേട് കാണിച്ചാലും ടീച്ചര്‍ ഒരിക്കല്‍ പോലും മുഖം കറുപ്പിച്ചു കണ്ടിട്ടില്ല.
നമ്മളുടെ ഉള്ളിലെ കഴിവുകള്‍ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്ന ഇതു പോലെ ഒരു വ്യക്തിയെ കാണാന്‍ പ്രയാസം ആണ്. ടീച്ചര്‍ വന്നതിനു ശേഷമാണ് പുസ്തകങ്ങള്‍ക്ക് ഇത്രയും ഭംഗി ഉണ്ടെന്നു അറിഞ്ഞത്. സ്‌നേഹിക്കുന്നു അത്രമേല്‍.

മാലിക് ദിനാര്‍ നഴ്‌സിങ് കോളേജിലെ ആലീസ് ഡാനിയല്‍ അധ്യാപികയെക്കുറിച്ച് ജിത അജിത്ത് പങ്കുവെച്ച കുറിപ്പ്

പ്രിയപ്പെട്ട ഒരു ടീച്ചര്‍ ആര്? എന്നതിന് ഉത്തരം ബുദ്ധിമുട്ട്. എന്നാല്‍ എനിക്ക് പ്രിയപ്പെട്ട ഒരു ഓര്‍മ സമ്മാനിച്ച ടീച്ചറുണ്ട്. പഠിക്കുന്ന സമയത്ത് പേടി ആയിരുന്ന ടീച്ചര്‍. വളരെ സ്ട്രിക്റ്റ് ആയിരുന്നത് കൊണ്ട് ഞങ്ങള്‍ സ്റ്റുഡന്റ്‌സിന് പേടി ആയിരുന്നു. പക്ഷേ ഓരോ സ്റ്റുഡന്റിനെയും സ്വന്തം മകന്‍ / മകള്‍ ആയി കണ്ട് സ്‌നേഹവും വാത്സല്യവും നല്‍കിയിരുന്നു. അമ്മയുടെ വാത്സല്യവും അച്ഛന്റെ കര്‍ക്കശവും ഉണ്ടായിരുന്നു ഞങ്ങളുടെ ടീച്ചറിന്. 4 വര്‍ഷത്തെ പഠനത്തിനു ശേഷമുള്ള സെന്റ് ഓഫ് പാര്‍ട്ടി. അന്ന് എല്ലാവര്‍ക്കും മൊമെന്റോ നല്‍കും. എനിക്ക് നല്‍കിയത് ഞങ്ങളുടെ പ്രിന്‍സിപ്പാള്‍l ആയിരുന്നു. മൊമന്റോ നല്‍കിയ ശേഷം ടീച്ചര്‍ എന്നെ ചേര്‍ത്തു നിര്‍ത്തി ചുംബിച്ചു. വല്ലാത്ത സന്തോഷം തോന്നിയ നിമിഷം. മറ്റാര്‍ക്കും കിട്ടാതെ എനിക്ക് മാത്രം ലഭിച്ച മഹാഭാഗ്യം. 4 വര്‍ഷത്തിനിടക്ക് എനിക്ക് ലഭിച്ച ഒരു അംഗീകാരമായി തോന്നിയ നിമിഷം. എനിക്ക് ഈ പ്രിയപ്പെട്ട ഓര്‍മ സമ്മാനിച്ചത് ഞങ്ങളുടെ ആലീസ് ടീച്ചറാണ്.

ആന്‍സമ്മ ടീച്ചറിനെക്കുറിച്ച് മകന്‍ നിധിന്‍ ജോസ് പങ്കുവെച്ച കുറിപ്പ്

നമ്മുടെയൊക്കെ ജീവിതത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ അവിടെ എന്നും പച്ചപ്പോടെ പൂത്തുലഞ്ഞു നില്‍കുന്ന കുറെ ഓര്‍മ്മകളുണ്ടായും .അതില്‍ ആദ്യം എത്തുക ആദ്യം പഠിച്ച വിദ്യാലയവും അവിടുത്തെ മധുര സ്മരണകളുമാവും
എന്റെ അമ്മ ആന്‍സമ്മ ജോസ് അധ്യാപികയായിരുന്നു..ഞാന്‍ എല്‍ കെ ജി യില്‍ ചേരുന്നതും അമ്മയുടെ സ്‌കൂളിനോട് ചേര്‍ന്നുള്ള നേഴ്‌സറി സ്‌കൂളിലായിരുന്നു .മടിപിടിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്.അമ്മയല്ലാതെ മറ്റൊരു സുഹൃത്ത് /പരിചയക്കാരി എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല . ദിവസങ്ങള്‍ കഴിഞ്ഞു ..

എന്നിട്ടും എന്റെ കരച്ചിലിന് കുറവ് വന്നില്ല ‘അമ്മയെ കാണണം ”എന്ന് വാശിപിടിച്ച എന്നെ , സഹിക്ക വയ്യാതെ അന്നത്തെ സ്‌കൂള്‍ ടീച്ചര്‍ സാവുളമ്മ എന്നെ അവിടുന്ന് ;രക്ഷപെടുത്തി. അങ്ങനെ അവിടുന്ന് നേരെ ഇറങ്ങി അമ്മേടെ സ്‌കൂളിലേക്ക് ഒറ്റ ചാട്ടം! ഒടുവില്‍ ഞാന്‍ അക്ഷരങ്ങളും മറ്റും പഠിച്ചത് എന്റെ അമ്മ പഠിപ്പിക്കുന്ന ഒന്നാം ക്ലാസ്സില്‍ വെച്ചായിരുന്നു.. അവിടെ അമ്മയുടെ കസേരയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അവരുടെ ‘കൊച്ചു സാറായിരുന്നു ‘
കേട്ടെഴുത്ത് ഇടുമ്പോള്‍ കുട്ട്കള്‍ക്ക് ‘ശരി’ ഇടുക എന്നാ ഡ്യൂട്ടിയും അമ്മ എനിക്ക് നല്‍കി അങ്ങനെ എന്റെ അക്ഷരവീഥികളില്‍ കരുത്തേകിയ അമ്മ തന്നെയായിരുന്നു എന്റെ ആദ്യ അധ്യാപിക കൊരട്ടി സെന്റ മേരീസ് യു പി സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത അമ്മ സുഖമായി ഇരിക്കുന്നു…

ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ശ്രീകല ടീച്ചറിനെക്കുറിച്ച് ആല്‍ബിന്‍ തോമസ് എഴുതിയ കുറിപ്പ്
”ജീവിതത്തില്‍ പഠനം പ്ലസ് ടു വരെ മാത്രം എന്ന് വിചാരിച്ചു സ്‌കൂളില്‍ നിന്നും പടിയിറങ്ങി പോകാന്‍ നില്‍ക്കുന്ന അവസരം… തിരിച്ചുവിളിച്ചു വീണ്ടും ഒരു അവസരം വെച്ച്‌നീട്ടി… അന്ന് ടീച്ചര്‍ വിളിച്ചതു പുതിയൊരു ജീവിതത്തിലേക്ക് ആയിരുന്നു. എല്ലാം അവിടം കൊണ്ട് അവസാനിച്ചു എന്ന് വിചാരിച്ച 16 വയസ്സ് മാത്രം പ്രായമുള്ള തിരിച്ചറിവ് ഉദിക്കാത്ത ആ പയ്യനെ ഒരു ലക്ഷ്യബോധം തന്ന് അറിവിന്റെ ലോകത്ത് വീണ്ടും പറിച്ചുനട്ട ആ ടീച്ചറെ എനിക്കൊരിക്കലും മറക്കാനാവില്ല’.
ടീച്ചറെ ഒരുപാട് സ്‌നേഹത്തോടെ ഓര്‍ക്കുന്നു.”

എംഐസി എച്ച്എസ്എസ് അത്താണിക്കലിലെ റഹീസ ടീച്ചറിനെക്കുറിച്ചുള്ള ഷംസുദ്ദീന്‍ പൊന്നേത്തിന്റെ ഓര്‍മ്മക്കുറിപ്പ്
“എന്റെ പേരു ഷംസുദ്ദീന്‍ പൊന്നേത്ത് ഇപ്പൊള്‍ ദുബൈയില്‍ മൊബൈല്‍ ടെക്ക്‌നീഷനായി ജോലി ചെയ്യുന്നു. എനിക്ക് പറയാനുള്ളത് എന്നെ +1 ഇല്‍ പഠിപ്പിച്ച ഒരു ടീച്ചറെ കുറിച്ചാണു ടീച്ചറുടെ പേരു റഹീസ. ടീച്ചര്‍ ഇപ്പോള്‍ മലപ്പുറം അത്താണിക്കലില്‍ ഉള്ള എംഐസി എച്ച്എസ്എസ് ഇല്‍ അധ്യാപികയാണ്.
സാധാരണ പോലെ ബാക്ക് ബെഞ്ചിലായിരുന്നു എന്റേയും സ്ഥാനം. ക്ലാസില്‍ എപ്പഴും ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയും ഒന്നും പഠിക്കുകയും ഇല്ലായിരുന്നു ഞാന്‍. അതിനിടയിലാണു പൊളിറ്റിക്‌സ് വിഷയം പഠിപ്പിക്കാന്‍ പുതിയതായി റഹീസ ടീച്ചര്‍ വന്നത്. ടീച്ചര്‍ ക്ലാസില്‍ വരാന്‍ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോഴെ ടീച്ചര്‍ക്ക് ഞങ്ങളുടെയെല്ലാം സ്വഭാവം മനസ്സിലായി. ആരും പറഞ്ഞത് കേള്‍ക്കുന്നില്ല പഠിക്കുന്നില്ല.

ഒരു ദിവസം ടീച്ചര്‍ എല്ലാവരോടും ഒരു പേപ്പര്‍ എടുക്കാന്‍ പറഞ്ഞു. എന്നിട്ട് പറഞ്ഞു, നിങ്ങള്‍ അതില്‍ തുറന്ന് എഴുതുക. ഞാന്‍ പഠിപ്പിക്കുന്നതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതുപോലെ ഞാന്‍ പഠിപ്പിച്ചിട്ട് നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍ അതും നിങ്ങള്‍ എന്തെഴുതിയാലും അത് ആരാ എഴുതിയത് എന്ന് ക്ലാസില്‍ പറയില്ല അതില്‍ നിങ്ങള്‍ പേരും എഴുതേണ്ട എന്ന് പറഞ്ഞു. ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്കെന്തൊ വിഷമം തോന്നി ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു. എല്ലാ കുട്ടികളും തമാശക്ക് പലതും എഴുതിയപ്പോള്‍ ഞാന്‍ ശരിക്കും ക്ഷമാപണം നടത്തി ഒരു കുറിപ്പ് എഴുതി: പ്രിയപ്പെട്ട ടീച്ചര്‍ക്ക് ഞങ്ങളെകൊണ്ട് ഒരു പാട് വിഷമം ഉണ്ടാകുന്നുണ്ട് എന്ന് മനസ്സിലായി. ഇനി എന്റെ ഭാഗത്ത് നിന്ന് ഒരു പ്രൊബ്ലവും ഉണ്ടാകില്ല. ഇനി മുതല്‍ ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു (13 വര്‍ഷം മുമ്പത്തെ കാര്യമായതോണ്ട് അന്ന് എഴുതിയത് മുഴുവന്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല).

അങ്ങനെ എല്ലാവരും എഴുതിയ പേപ്പര്‍ ടീച്ചര്‍ വാങ്ങിച്ച് കൊണ്ടു പോയി പിറ്റേദിവസം ടീച്ചര്‍ ക്ലാസില്‍ വന്ന് ഞാന്‍ എഴുതിയത് മാത്രം വായിച്ചു. ശേഷം ടീച്ചര്‍ പറഞ്ഞു ഇത് ആരു എഴുതിയതാണെങ്കിലും എഴുതിയ ആളുടെ ഉള്ളില്‍ തട്ടി എഴുതിയതാണ് എനിക്ക് സന്തോഷമായി എന്നു. അത് എഴുതിയത് ഞാനാണെന്ന് ടീച്ചര്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല എന്നായിരുന്നു എന്റെ വിശ്വാസം കാലങ്ങള്‍ കഴിഞ്ഞു ഓരൊ ടീച്ചേഴ്‌സ് ഡേ വരുമ്പോഴും ഞാന്‍ ടീച്ചറെ വിളിക്കാറുണ്ടായിരുന്നു ഒരു പ്രാവശ്യം വിളിച്ചപ്പോള്‍ ഞാന്‍ ടീച്ചറോട് ചോദിച്ചു അന്നു എഴിതിച്ച കാര്യം. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു എനിക്ക് അന്നു തന്നെ മനസ്സിലായിരുന്നു അത് നീ തന്നെ എഴുതിയതാണെന്ന് ഞാന്‍ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ നിന്നെകുറിച്ച് പറയാറുണ്ടെന്നും പറഞ്ഞു. എനിക്കപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.”

ചക്കാലയ്ക്കല്‍ ഹൈസ്‌കൂളിലെ അജിത്ത് സാറിനെക്കുറിച്ച് ഷാഹുല്‍ ഹമീദ് പങ്കുവെച്ച ഓര്‍മ്മ
“അദ്ധ്യാപനത്തിന്റെ മഹത്വവും വിദ്യാഭാസത്തിന്റെ പ്രസക്തിയും മനസിലാക്കാന്‍ ഒന്‍പത് വര്‍ഷം കാത്തിരിക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാന്‍. ചക്കാലക്കല്‍ ഹൈസ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ തന്നെ വേണ്ടിവന്നു ആ മഹത്വം ഞാന്‍ മനസ്സിലാക്കാന്‍. ഇന്നിപ്പോ നേടിയതെല്ലാം ആ ഗുരുവിന്റെ മനസ്സറിഞ്ഞ അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിദ്യ എന്ന മഹാധനം, അര്‍ത്ഥിക്കുന്നവന് ലാഭേച്ഛയില്ലാതെ ചൊരിഞ്ഞ് കൊടുക്കുന്ന ഓരോ ഗുരുവിന്റേയും പാദങ്ങളില്‍ തൊട്ടു വണങ്ങുന്നു…! ഭൂമിയിലെ പുണ്യ ജന്മങ്ങള്‍, നിങ്ങള്‍… ആദരവോടെ…നന്ദിയോടെ”