ഹോളിവുഡിൽ നിന്നൊരു അപൂർവ ചിത്രം; ‘ദി ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സി’ന്റെ കിടിലൻ ട്രെയ്‌ലർ കാണാം

September 14, 2018

സിനിമയുടെ ലോകത്ത് എന്നും അത്ഭുതങ്ങൾ സൃഷിക്കുന്നവരാണ് ഹോളിവുഡ്. ഇപ്പോൾ ഹോളിവുഡിൽ നിന്നൊരു അപൂർവ ചിത്രം ഇറങ്ങിയിരിക്കുകയാണ്. ‘ദ ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ്’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്ത കോയൻ സഹോദരങ്ങളാണ്. ആന്തോളജി വിഭാഗത്തിൽ പെട്ട ചിത്രത്തിന്റെ ട്രെയ്‌ലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ദി ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സി’നായി ആറു കഥകളാണ് ഒരുമിച്ച് ചേർക്കുന്നത്. സിനിമയിലെ ആദ്യ കഥയുടെ പേരും ദ ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ് എന്നു തന്നെയാണ്. ഷാർപ് ഷൂട്ടറായ ഗായകന്‍റെ കഥയാണ് ആദ്യത്തേത്. ബാങ്ക് കൊള്ളക്കാരുടെ കഥയാണ് രണ്ടാമത്തേത്. രണ്ട് യാത്രക്കാരുടെ കഥയാണ് മൂന്നാമത്തെ ഭാഗം. സ്വർണ ഖനനം നടത്തുന്ന ആളുടെ കഥ പറയുന്നു നാലാം ഭാഗം. പ്രണയകഥയാണ് അഞ്ചാം ഭാഗമെങ്കിൽ ഹൊററാണ് ആറാമത്തേതിൽ. തികച്ചും വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹോളിവുഡിൽ വൻ വിജയമാകുമെന്നുള്ള പ്രതീക്ഷയിലാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.

ഹോളീവുഡിലെ മുൻനിര തിരക്കഥാകൃത്തുക്കളും സംവിധായകരുമായ കോയൻ ബ്രദേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും . ജോയൽ കോയനും ഏഥൻ കോയനും തന്നെയാണ് രചനയും നിർമാണവും നിര്വഹിച്ചിരിക്കുന്നത്. ഹോളിവുഡിൽ എന്നും വിസ്മയം സൃഷ്‌ടിക്കുന്ന ജെയിംസ് ഫ്രാങ്കോ, ബ്രെൻഡൻ ഗ്ലീസൺ, സോയി കസാൻ, ലിയാം നീസൺ, ടോം വെയ്റ്റ്സ് എന്നിവരാണ് സിനിമയിൽ മുഖ്യ കഥാപാത്രങ്ങളാകുന്നത്. വെസ്റ്റേൺ കൌ ബോയ് ഗെറ്റപ്പിലാണ് താരങ്ങൾ എത്തുന്നത്. വെനീസ് അടക്കം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമ നവംബർ 16ന് റിലീസ് ചെയ്യും.