ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ മൂന്നുവയസുകാരിക്ക് രക്ഷകരായി ‘സൂപ്പര്‍ഹീറോസ്’; വീഡിയോ കാണാം

September 10, 2018

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ അസാധാരണമാം വിധമായിരിക്കും പലരുടെയും ഇടപെടലുകള്‍ നമ്മെ തേടിയെത്തുന്നത്. ഇത്തരത്തില്‍ ഒരു അസാധാരണമായ ഇടപെടലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. ഒരു ഫഌറ്റിന്റെ മൂന്നാം നിലയിലെ ജനാലയ്ക്കു പുറത്ത് കുടുങ്ങിയ മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്തിയ രണ്ട് പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ എല്ലാവരുടെയും കൈയടി നേടുന്നത്. ‘റിയല്‍ ലൈഫ് സൂപ്പര്‍ ഹീറോസ്’ എന്നാണ് ഇവരെ സാമൂഹ്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

ജിയാങ്‌സു പ്രിവിശ്യയിലായിരുന്നു സംഭവം. മൂന്നുവയസ്സുകാരിക്ക് രക്ഷകരായെത്തിയവരില്‍ ഒരാള്‍ കൊറിയന്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റെയാള്‍ ഒരു വ്യാപാരിയുമാണ്. കെട്ടിടത്തിനു സമീപത്തുകൂടി വാഹനമോടിച്ചുപോകുമ്പോളാണ് കൊച്ചുകുട്ടി ജനാലയ്ക്ക് പുറത്ത് കുടങ്ങുയിതായി കണ്ടത്. ഉടന്‍തന്നെ മറ്റൊന്നും ആലോചിക്കാതെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തയാറാവുകയായിരുന്നു ഇവര്‍. കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇരുവരും അതിവേഗം കെട്ടിടത്തിന്റെ മുകളിലേക്ക് വലിഞ്ഞുകയറുന്നതിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

വെറും രണ്ട് മിനിറ്റുകള്‍ക്കൊണ്ടാണ് ഇരുവരും ഫഌറ്റിന്റെ മൂന്നാം നിലയില്‍ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. റിയല്‍ലൈഫ് സൂപ്പര്‍ ഹീറോസ് എന്ന കുറിപ്പോടെ നിരവധി പേര്‍ ഇരുവരുടെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി. എന്നാല്‍ ഇതിനിടയില്‍ കുട്ടി ഉറക്കം ഉണരുകയും ജനാലയുടെ കൊളുത്ത് അഴിച്ച് പുറത്തെത്തുകയായിരുന്നു. കുട്ടിയെ രക്ഷിച്ചവര്‍ക്ക് നിരവധി പേര്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നുണ്ട്.