വിത്യസ്തമായൊരു കാസ്റ്റിംഗ് കോളുമായി ‘ഉള്‍ട്ട’

September 18, 2018

പോരുകൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ് ‘ഉള്‍ട്ട’ എന്ന സിനിമ. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം. ഗോഗുല്‍ സുരേഷാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തികച്ചും വിത്യസ്തമായൊരു കാസ്റ്റിംഗ് കോളിലൂടെ ഉള്‍ട്ട വീണ്ടും ശ്രദ്ധേയമാകുന്നു.

നിങ്ങളുടെ പ്രായമോ സൗന്ദര്യമോ ഒരു ഘടകമല്ല എന്ന തലക്കെട്ടോടുകൂടിയാണ് കാസ്റ്റിംഗ് കോളിന്റെ പരസ്യം ഉള്‍ട്ട അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മണിക്കൂറുകള്‍ക്കൊണ്ട് തന്നെ സാമൂഹ്യമാധ്യമങ്ങള്‍ പരസ്യം ഏറ്റെടുക്കുകയും ചെയ്തു. ക്യാമറയ്ക്ക് മുമ്പില്‍ സ്വാഭാവികമായി പെരുമാറാന്‍ കഴിയണമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ഇതിനു പുറമെ ആടാനും പാടാനും അഭിനയിക്കാനും അറിയണം. ഈ മാസം 22,23 തീയതികളില്‍ പയ്യന്നൂര്‍ ഗ്രീന്‍പാര്‍ക്ക് ഹോട്ടലിലാണ് ഓഡീഷന്‍. എന്തായാലും നവമാധ്യമ ലോകത്ത് വൈറലാണ് ഈ കാസ്റ്റിംഗ് കോള്‍.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഉള്‍ട്ട. ‘അച്ഛനെയാണ് എനിക്കിഷ്ടം’, ‘നാടന്‍പെണ്ണും നാട്ടുപ്രമാണിയും’, ‘ദീപസ്തംഭം മഹാശ്ചര്യം’, ‘കോളേജ് കുമാരന്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. സുരേഷ് പൊതുവാള്‍ തന്നെയാണ് ഉള്‍ട്ടയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്.

സിപ്പി ക്രീയേറ്റീവിന്റെ ബാനറില്‍ സുഭാഷ് സിപ്പിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനുശ്രീയാണ് നായിക. രമേഷ് പിഷാരടി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുബീഷ് സുധി തുടങ്ങിയവരും ഉള്‍ട്ടയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.