‘പെണ്ണുലകം…’; ആവേശം പകര്‍ന്ന് ഉള്‍ട്ടയിലെ ഗാനം: വീഡിയോ

December 19, 2019

ഗോകുല്‍ സുരേഷ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഉള്‍ട്ട’. സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉള്‍ട്ടയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പെണ്ണുലകം’ എന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അജോയ് ചന്ദ്രന്റേതാണ് ഗാനത്തിലെ വരികള്‍. സുദര്‍ശന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നത്. സയനോരയുടെ ആലാപനം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഗോകുല്‍ സരേഷ്, അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍, തസ്‌നിഖാന്‍, രമേഷ് പിഷാരടി തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഉള്‍ട്ട’. ‘അച്ഛനെയാണ് എനിക്കിഷ്ടം’, ‘നാടന്‍പെണ്ണും നാട്ടുപ്രമാണിയും’, ‘ദീപസ്തംഭം മഹാശ്ചര്യം’, ‘കോളേജ് കുമാരന്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. സുരേഷ് പൊതുവാള്‍ തന്നെയാണ് ‘ഉള്‍ട്ട’യുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. സിപ്പി ക്രീയേറ്റീവിന്റെ ബാനറില്‍ സുഭാഷ് സിപ്പിയാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ‘ഉയിരുള്ളവരാം സകലോര്‍ക്കും…’; ശ്രദ്ധനേടി വലിയ പെരുന്നാളിലെ പുതിയ ഗാനം

ശാന്തി കൃഷ്ണ, സലീം കുമാര്‍, സുരഭി ലക്ഷ്മി, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ‘ഉള്‍ട്ട’യില്‍. നര്‍മ്മത്തിനും പ്രാധാന്യം നല്‍കുന്നുണ്ട് ഈ ചിത്രം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ‘കേരളമാണെന്റെ നാട്’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.