ആളിപ്പടര്‍ന്ന് ‘ഒടുവിലെ തീയായ്’; രണ്ടുലക്ഷം കാഴ്ചക്കാരുമായി വരത്തനിലെ ഗാനം

September 29, 2018

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ഫഹദ് ഫാസില്‍ നായകനായെത്തിയ ‘വരത്തന്‍’ എന്ന ചിത്രത്തിലെ ഗാനം. ‘ഒടുവിലെ തീയായ്…’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ യുട്യൂബില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. സെപ്റ്റംബര്‍ 27 നാണ് ചിത്രത്തിലെ ഈ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഗാനത്തില്‍.

വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. സുഷിന്‍ ശ്യാം ഈണം പകര്‍ന്നിരിക്കുന്ന ഗാനം സുഷിന്‍ ശ്യാമും നേഹ എസ് നായരും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. നസ്രിയയും ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ‘വരത്തന്‍’. ചിത്രം തീയര്‌ററുകലിലെത്തുന്നതിനു മുമ്പേ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. ചിത്രത്തിലും അങ്ങനെ തന്നെ. ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ‘വരത്തനില്‍’ ഫഹദിന്റെ നായികയായി എത്തുന്നത്.

അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എന്‍പിയും നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്ന ചിത്രം, ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ മുന്നേറുന്നത്.