ദുരിതാശ്വാസത്തിനായി കമ്പ്യൂട്ടറിന്റെ മുൻപിൻ ഇരുന്നു; 26 ദിവസം കൊണ്ട് ഈ കലാകാരൻ സമ്പാദിച്ചത് ലക്ഷങ്ങൾ..
കേരളം നേരിട്ട മഹാവിപത്തിനെ അതിജീവിച്ച് വരുകയാണ് കേരളജനത. ചെറുതും വലുതുമായ നിരവധി സഹായങ്ങളുമായി കേരളത്തെ സഹായിക്കാൻ ഒരുപാട് ആളുകൾ എത്തിയപ്പോൾ. തന്റെ വരയിലൂടെ കേരളത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് വിഷ്ണു എന്ന കാർട്ടൂണിസ്റ്റ്. ദുരിത കേരളത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വന്നപ്പോൾ തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്ന് വിഷ്ണുവും തീരുമാനിക്കുകയായിരുന്നു. ഇതിനായി വിഷ്ണു തിരഞ്ഞെടുത്തത് പ്രകൃതി തനിക്ക് വരദാനമായി തന്ന കല തന്നെയായിരുന്നു.
ഫേസ്ബുക്കിലെ പെൻസിലാശാൻ എന്ന പേജിലെ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റാണ് വിഷ്ണു മാധവ്. കഴിഞ്ഞ കുറെ ദിവസങ്ങളായി വിശ്രമമില്ലാതെ കലയുടെ ലോകത്താണ് വിഷ്ണു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1500 രൂപയിൽ കുറയാത്ത തുക അടയ്ക്കുന്നവർക്ക് ക്യാരിക്കേച്ചറുകൾ സൗജന്യമായി വരച്ചു നൽകാമെന്നാണ് വിഷ്ണു പറഞ്ഞത്. പ്രളയം കേരളത്തിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു ഓഫറുമായി വിഷ്ണു എന്ന കലാകാരൻ എത്തിയത്. കഴിഞ്ഞ 26 ദിവസം കൊണ്ട് വിഷ്ണു വരച്ച് തീർത്തത് ഏകദേശം 70 ലധികം ഡിജിറ്റൽ ക്യാരിക്കേച്ചർ പെയിന്റുകളാണ്. കഴിഞ്ഞ സെപ്റ്റംബർ 11 നായിരുന്നു വിഷ്ണു ഈ വര നിർത്തിയത്.
1500 ലും അതിലധികവും രൂപ നൽകിയ നിരവധി ആളുകൾ ക്യാരിക്കേച്ചറിനായി വിഷ്ണുവിനെ സമീപിച്ചിരുന്നു. എന്നാൽ ഒരു ക്യാരിക്കേച്ചറിന് വിഷ്ണു ഇട്ട തുക 1500 രൂപ മാത്രമായിരുന്നു. ഇത്തരത്തിൽ ക്യാരിക്കേച്ചർ വരച്ചതിലൂടെ രണ്ടര ലക്ഷത്തിലധികം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഈ ഓണക്കാലം മുഴുവൻ വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സംഭാവന ചെയ്യണമെന്നായിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. എന്നാൽ ഓണക്കാലം കൊണ്ട് വരച്ച് തീരാതിരുന്നതിനാൽ കുറച്ച് ദിവസം ജോലിയിൽ നിന്നും അവധിയെടുത്തതാണ് വിഷ്ണു തന്റെ ദൗത്യം പൂർത്തിയാക്കിയത്.