ധീര യോദ്ധാക്കള്‍ക്ക് നാടിന്റെ സല്യൂട്ടുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോം മാച്ച്

October 19, 2018

ഐഎസ്എല്‍ അഞ്ചാം സീസണിലെ കേരളാ ബ്ലാസ്‌റ്റേഴിസിന്റെ രണ്ടാം ഹോം മാച്ച് ധീര യോദ്ധാക്കള്‍ക്കുള്ള നാടിന്റെ സല്യൂട്ട്. ഈ മാസം ഇരുപതിന് ഡല്‍ഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോം മാച്ച്. കേരളത്തെ ഉലച്ച പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കര-വ്യോമ-നാവിക സേന അംഗങ്ങളെയാകും രണ്ടാം ഹോം മാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദരിക്കുക.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ ആദരിച്ചുകൊണ്ടായിരിക്കും എല്ലാ ഹോം മാച്ചും നടത്തുകയെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളെയായിരുന്നു ആദ്യം നടന്ന ഹോം മാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദരിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ പോരാട്ടത്തിനിറങ്ങിയത്.


ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഹോം മാച്ചില്‍ ധീര യോദ്ധാക്കളെ ആദരിക്കുന്ന വിവരം പങ്കുവെച്ചത്. ‘ കേരളം ഇത് വരെ കാണാത്ത പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച, സ്വന്തം ജീവന്‍ പണയം വച്ച് ജീവനുകള്‍ തിരിച്ചു പിടിച്ച, ധീര യോദ്ധാക്കളെ ആദരിക്കുന്നു, ഒക്ടോബര്‍ 20ന് നടക്കുന്ന മാച്ചിന് മുന്നോടിയായി. നന്ദിയോടെ, സ്‌നേഹപൂര്‍വ്വം നമുക്കവരെ സ്വാഗതം ചെയ്യാം’ എന്നാണ് ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച കുറിപ്പ്.