നര്‍മ്മമുഹൂര്‍ത്തങ്ങളുമായി ഈ രണ്ട് ചിത്രങ്ങള്‍ നാളെ തീയറ്ററുകളിലേക്ക്

October 17, 2018

മാലയാള ചലച്ചിത്രപ്രേമികള്‍ക്ക് ഒരുപിടി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ രണ്ട് ചിത്രങ്ങള്‍ നാളെ തീയറ്ററുകളിലെത്തുന്നു. ബിജുമേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ആനക്കള്ളനും’ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഉമ്മമാര്‍ വിത്യസ്ത ഗെറ്റപ്പില്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്ന ‘ഡാകിനി’ എന്ന ചിത്രവുമാണ് ചിരിമേളവുമായി നാളെ തീയറ്ററുകളിലെത്തുന്നത്.

മികച്ച ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ‘ആനക്കള്ളന്‍’ എന്നു നേരത്തെതന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. സുരേഷ് ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സപ്ത തരംഗ് സിനിമാസാണ് നിര്‍മ്മാണം. ജയറാം നായകനായ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം സപ്ത തരംഗ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ ആനക്കള്ളന്‍’. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു ശേഷം ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

സിദ്ധിക്, ധര്‍മ്മജന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, സുധീര്‍ കരമന, അനുശ്രീ, ഷംന കാസിം, സരയു, ബിന്ദു കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിജു മേനോന്‍ ചിത്രമാണ് ‘ആനക്കള്ളന്‍’.

ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. ബിജുമേനോന്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ‘നിന്നെയൊന്നു കാണാനായി…’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഹരിനാരായണന്റേതാണ്. നാദിര്‍ഷയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഉമ്മമാര്‍ വിത്യസ്ത ഗെറ്റപ്പില്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ഡാകിനി’. രാഹുല്‍ റിജി നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയില്‍ തികച്ചും വിത്യസ്തമായ വേഷത്തിലാണ് ഈ ഉമ്മമാര്‍ എത്തുന്നത്. ‘ഡാകിനി’യുടെ ട്രെയിലറിലും ഈ വിത്യസ്തത അണിയറ പ്രവര്‍ത്തകര്‍ സൂക്ഷിച്ചിരുന്നു.

നര്‍മ്മത്തില്‍ കലര്‍ത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയത്. ‘പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാന്‍ ഡാകിനി എത്തുന്നു’ എന്ന കുറിപ്പും ട്രെയിലറിനൊപ്പം ചേര്‍ത്തിരുന്നു. രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

സുഡാനി ഫ്രം നൈജീരിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ ഡാകിനിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സേതു ലക്ഷ്മി, പോളി വത്സന്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്, രഞ്ജിത്ത് എന്നിവരും ഡാകിനിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് മിക്ക കഥാപാത്രങ്ങളും ചിത്രത്തിലെത്തുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!