തകര്‍ത്ത് പാടി ബിജുമോനോന്‍; ‘ആനക്കള്ളനിലെ’ ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ

October 14, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മലയാളികളുടെ പ്രിയതാരം ബിജു മേനോന്‍ നായകനായെത്തുന്ന ആനക്കള്ളന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ. മികച്ച പ്രതികരണമാണ് നേരത്തെ പുറത്തിറങ്ങിയ ഗാനത്തിന് ലഭിച്ചത്. ബിജുമേനോന്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.

‘നിന്നെയൊന്നു കാണാനായി…’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. നാദിര്‍ഷയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

മികച്ച ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ‘ആനക്കള്ളന്‍’ എന്നു നേരത്തെതന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. സുരേഷ് ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സപ്ത തരംഗ് സിനിമാസാണ് നിര്‍മ്മാണം. ജയറാം നായകനായ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം സപ്ത തരംഗ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ ആനക്കള്ളന്‍’. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു ശേഷം ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

സിദ്ധിക്, ധര്‍മ്മജന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, സുധീര്‍ കരമന, അനുശ്രീ, ഷംന കാസിം, സരയു, ബിന്ദു കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിജു മേനോന്‍ ചിത്രമാണ് ‘ആനക്കള്ളന്‍’.