കാഴ്ചക്കാരെ വിസ്മയിപ്പിച്ച് കിടിലന്‍ ഡാന്‍സുമായി ഷംന കാസിം; വീഡിയോ കാണാം

October 17, 2018

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഷംന കാസിം. ബിജുമേനോന്‍ നായകനായെത്തുന്ന ‘ആനക്കള്ളന്‍’ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായിട്ടാണ് ഷംനയുട തകര്‍പ്പന്‍ ഡാന്‍സ്. ആനക്കള്ളനില്‍ ഷംന കാസിമും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നാളെ തീയറ്ററുകളിലെത്തും.

തൃശൂര്‍ ശോഭ സിറ്റി മാളിലായിരുന്നു ‘ആനക്കള്ളന്‍’ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. കാണികളെ അമ്പരപ്പിച്ചുകൊണ്ട് ആദ്യം കുറച്ച് യുവാക്കള്‍ നൃത്തച്ചുവടുകളുമായി എത്തി. ‘ആനക്കള്ളന്‍’ എന്ന് എഴുതിയ ടീ ഷര്‍ട്ടായിരുന്നു ഇവരുടെ വേഷം. മനോഹരമായ ഇവരുടെ നൃത്തത്തില്‍ അവസാന ഭാഗമായപ്പോള്‍ ഷംനാ കാസിമും ചേര്‍ന്നതോടെ മാളില്‍ ആരവങ്ങളുയര്‍ന്നു.

‘ആനക്കള്ളന്‍’ എന്ന ചിത്രത്തിലെ ‘പണ്ടെങ്ങാണ്ടോ രണ്ടാള്…’ എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു ഷംനാ കാസിമും കൂട്ടരും ചുവടുവെച്ചത്. മധു ബാലകൃഷ്ണനും അഫ്‌സലും ചേര്‍ന്നാണ് ഈ ഗാനത്തിന്റെ ആലാപനം. ഹരിനാരായണന്റേതാണ് വരികള്‍. നാദിര്‍ഷയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിജുമേനോന്‍ പാടി അഭിനയിച്ച ചിത്രത്തിലെ ‘ നിന്നെയൊന്ന് കാണാനായി…’ എന്നു തുടങ്ങുന്ന ഗാനത്തിനും നേരത്തെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

മികച്ച ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ‘ആനക്കള്ളന്‍’ എന്നു നേരത്തെതന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. സുരേഷ് ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സപ്ത തരംഗ് സിനിമാസാണ് നിര്‍മ്മാണം. ജയറാം നായകനായ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം സപ്ത തരംഗ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ ആനക്കള്ളന്‍’. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു ശേഷം ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

സിദ്ധിക്, ധര്‍മ്മജന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, സുധീര്‍ കരമന, അനുശ്രീ, സരയു, ബിന്ദു കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.