ഐശ്വര്യ റായിയുമൊത്തുള്ള പ്രണയനിമിഷങ്ങളെ ഓര്‍ത്തെടുത്ത് അഭിഷേക് ബച്ചന്‍

October 6, 2018

ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും. അഭിനയത്തിനുപുറമെ ഇരുവരുടെയും കുടുംബകാര്യങ്ങളിലും തല്‍പരരാണ് ആരാധകര്‍. ഐശ്വര്യ റായ്‌യെ പ്രണയിച്ചുതുടങ്ങിയതിനെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് അഭിഷേക് ബച്ചന്‍.

‘ദായി അക്ഷര്‍ പ്രേം കേ’ എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അന്നുമുതല്‍ നല്ല സുഹൃത്തുക്കളായി ഇരുവരും. ‘ഉമ്രാവോ ജാന്‍’ എന്ന സിനിമയോടെ പ്രണയം ഗൗരവമാണെന്ന് തിരിച്ചറിഞ്ഞു എന്നും അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തി.

സെപ്റ്റംബറില്‍ ഐശ്വര്യ റായിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയതിന്റെ ഒര്‍മ്മയും അഭിഷേക് പങ്കുവെച്ചിരുന്നു. ‘മന്‍മര്‍സിയാന്‍’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുത്തപ്പോഴാണ് തന്റെ വിവാഹഭ്യര്‍ത്ഥന അഭിഷേക് ബച്ചന്‍ ഓര്‍ത്തെടുത്തത്.

ടൊറന്റോയില്‍വെച്ചായിരുന്നു അഭിഷേക് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. 2007 ല്‍ പുറത്തിറങ്ങിയ ‘ഗുരു’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി എത്തിയതായിരുന്നു രണ്ട് താരങ്ങളും. അവിടെവെച്ച് അഭിഷേക് തന്റെ ഹൃദയം ഐശ്വര്യയ്ക്ക് മുന്നില്‍ തുറന്നു. ഐശ്വര്യ അഭിഷേകിന്റെ പ്രിയസഖിയുമായി.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭാര്യയെ ജീവിത്തിലേക്ക് ക്ഷണിച്ച സ്ഥലമായതുകൊണ്ടുതന്നെ ടൊറന്റോ തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും അഭിഷേക് ബച്ചന്‍ വ്യക്തമാക്കി. ഇത്തവണ ടെറന്റോയിലേക്ക് യാത്ര പുറപ്പെടും മുമ്പ് ഈ പ്രാവശ്യം ആരെയും പ്രൊപ്പോസ് ചെയ്യരുതെന്ന് ഐശ്വര്യ തനിക്ക് താക്കീത് നല്‍കിയിരുന്നുവെന്നും അഭിഷേക് തമാശരൂപേണ പറഞ്ഞിരുന്നു.

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരദമ്പതികള്‍ വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നത്.