മലയാളവും തമിഴും കീഴടക്കി തെലുങ്കിലേക്ക്; ആദ്യ ചിത്രം സൂപ്പർ താരത്തിനൊപ്പം…
‘ജോമോന്റെ സുവിശേഷം’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്കിടയിൽ ഇടം നേടിയ തമിഴ് താരം ഐശ്വര്യ രാജേഷ്, പിന്നീട് നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യ മുഴുവനുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മലയാളത്തിലും തമിഴിലും മാറ്റുരച്ച താരമിപ്പോൾ തെലുങ്കിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്. അർജുൻ റെഡ്ഢി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.
ക്രാന്തി മാധവ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളത്. അതിലെ ഒരു കഥാപാത്രമായാണ് ഐശ്വര്യ വേഷമിടുന്നത്. രാഷി ഖന്ന, ഇസബെല്ല എന്നിവരാണ് മറ്റ് രണ്ട് നായികമാർ. കെ എസ് രാമറാവു നിർമിക്കുന്ന ചിത്രം ഒരു മുഴു നീള റൊമാന്റിക് ചിത്രമാണ്.
തമിഴിലെ ഐശ്വര്യയുടെ പ്രകടനം കണ്ടാണ് സംവിധായകൻ താരത്തെ തെലുങ്കിലേക്ക് ക്ഷണിച്ചത്. ഐശ്വര്യ നായികയായി എത്തുന്ന പുതിയ ചിത്രം വാടാചെന്നൈ മികച്ച വിജയം നേടി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാസ്റ്റര്‍ ഡയറക്ടര്‍ വെട്രിമാരന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിന്റെ നായികയാണ് ഐശ്വര്യ എത്തുന്നത്. സമുദ്രക്കനിയും ആന്‍ഡ്രിയ ജെറമിയയും ഒക്കെ വ്യത്യസ്തമായ ലുക്കുകളില്‍ ചിത്രത്തിൽ എത്തുന്നുണ്ട്.