‘ബിഗ് സല്യൂട്ട്’ നിശ്ചയ ദാർഢ്യത്തോടെ ഈ പൊലീസുകാരി രക്ഷപെടുത്തിയത് നിരവധി ജീവനുകൾ
പ്രളയവും വെള്ളപ്പൊക്കവും ബാധിച്ച നാടിന് സഹായ ഹസ്തവുമായി ഒരു പോലീസുകാരി. കാക്കിയിട്ട കരുത്തരുടെ കഥകൾ നിരവധി നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ വ്യത്യസ്തയാകുകയാണ് നീലം ഗെയ്ക്ക് വാഡ് എന്ന യുവതി. ഈ കഴിഞ്ഞ സെപ്തംബര് ഇരുപത്തിയേഴാം തീയതി പൂനെയിലെ മുഠാ നദിയിലെ കനാല് തകരുകയും വെള്ളപ്പൊക്കം ശക്തമാവുകയും ചെയ്തു. തുടർന്ന് പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുകയായിരുന്നു.
സാധാരണ പോലെത്തന്നെ ആ ദിവസവും പതിവുപോലെ ഓഫീസിലെത്തി സ്ഥിര ജോലികളിലേക്ക് മുഴുകുകയായിരുന്നവർക്കിടയിലേക്ക് വെള്ളപൊക്കത്തിന്റെ വാർത്ത എത്തുകയായിരുന്നു..
വെള്ളപൊക്കം ബാധിച്ച സ്ഥലത്തേക്ക് പോകാനുള്ള മേലുദ്യോഗസ്ഥയുടെ ഓർഡർ വന്നതോടെ ഒന്നും നോക്കാതെ നീലം എന്ന പോലീസുകാരിയും സംഭവ സ്ഥലത്തെത്തി. അവിടുത്തെ അവസ്ഥ കണ്ട് തെല്ലൊന്ന് ഭയന്നെങ്കിലും ഒന്നും നോക്കാതെ അവർക്കിടയിലേക്ക് നീലവും ഇറങ്ങുകയായിരുന്നു. വെള്ളപൊക്കത്തിന്റെ തീവ്രത മനസിലാക്കിയ നീലം ആദ്യം കണ്ടത് ഒരു കടയ്ക്കുള്ളിൽ വെള്ളം കയറി അവിടെ നിന്നും രക്ഷപെടാൻ സാധിക്കാതെ നിൽക്കുന്ന ഒരു വയോധികനെയാണ്. പെട്ടന്നുതന്നെ ഒരു ടയർ എടുത്ത് അതിൽ കയർ കെട്ടി അയാൾക്ക് എറിഞ്ഞുകൊടുത്തു. ഇതിനിടയിലാണ് ഒരു കൂട്ടം യുവതികളും കുട്ടികളും എങ്ങോട്ട് പോകണമെന്നറിയാതെ വെള്ളത്തിന്റെ നടുക്ക് ഒറ്റപ്പെട്ട് നില്കുന്നത് നീലത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ മറ്റൊന്നും നോക്കാതെ അവർക്കടുത്തേക്ക് കയറിൽ പിടിച്ച് നീലം എത്തുകയായിരുന്നു.
അപ്പോഴേക്കും വെള്ളം അരയ്ക്കൊപ്പം എത്തിയിരുന്നു. ഈ വെള്ളത്തിലൂടെ കുട്ടികളെ നടത്തികൊണ്ടുവരാൻ സാധിക്കാത്തതിനാൽ നീലം ഓരോ കുട്ടികളെയായി തന്റെ ചുമലിൽ കയറ്റി മാറുകരയിലേക്ക് എത്തിക്കുകയായിരുന്നു. ഏകദേശം പതിനഞ്ചോളം കുട്ടികളെ രണ്ട് മണിക്കൂറിനുള്ളിൽ നീലം തന്റെ ചുമലിൽ കയറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ചു. നിരവധി സ്ത്രീകൾക്കും ഈ പോലീസുദ്യോഗസ്ഥ സഹായ ഹസ്തം നീട്ടി.