വീൽ ചെയറിലിരുന്നും തന്റെ സ്വപനങ്ങൾക്കൊപ്പം ജീവിക്കാൻ തയാറെടുക്കുകയാണ് ഹനാൻ; ഫോട്ടോ ഷൂട്ടിനെത്തിയപ്പോൾ കണ്ടത്, വൈറലായി ഒരു കുറിപ്പ്
കേരളത്തിന് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയാത്ത പേരാണ് ഹനാൻ. നിശ്ചയ ദാർഢ്യം കൊണ്ട് ജീവിതം പച്ച പിടിപ്പിച്ച ഈ കൊച്ചു പെൺകുട്ടി തന്റെ പഠനം പൂർത്തിയാക്കിയത് മാർക്കറ്റിൽ മീൻ വിറ്റാണ്. സോഷ്യൽ മീഡിയയിലൂടെ താരമായ ഹനാന് ഉണ്ടായ അപകടത്തിനും ഈ പെൺകുട്ടിയുടെ മനക്കരുത്തിനെയും നിശ്ചയ ദാർഢ്യത്തെയും ഇല്ലാതാകാൻ കഴിഞ്ഞില്ല.
അപകടത്തെ തുടർന്ന് നട്ടെല്ലിനേറ്റ ക്ഷതത്തിൽ ദിവസങ്ങളായി വീൽ ചെയറിൽ കഴിയുകയാണ് ഹനാൻ. ഈ വീൽ ചെയറിലിരുന്നും തന്റെ സ്വപനങ്ങൾക്കൊപ്പം ജീവിക്കാൻ തയാറെടുക്കുകയാണ് ഹനാൻ. ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ തോറ്റെന്ന് പറഞ്ഞ് പിന്മാറുന്നവർക്ക് ജീവിതത്തിന്റെ മറ്റൊരു തലത്തിലൂടെ വിജയം കാണിച്ചുകൊടുക്കുകയാണ് ഹനാൻ എന്ന പെൺകുട്ടി. ഹനാനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച മേക്കപ്പ് ആർട്ടിസ്റ്റ് അബീൽ റോബിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്.
അബീൽ റോബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
“ഹനാന്” ഈ പേര് മലയാളികള്‍ പെട്ടെന്ന് മറക്കില്ല എന്ന് തോന്നുന്നു… ഇന്നലെ ആയിരുന്നു ഹനാനുമായി ഒരു photoshoot ചെയ്തത്. ഹനാന് കുറെ നാളുകളായി എന്റെ facebook ഫ്രണ്ട് ആണ് (ഇപ്പോള്‍ id കള്‍ എല്ലാം block ചെയ്തിരിക്കുന്നു… ) ഒരു Portfolio ചെയ്യണം എന്നെന്നോട് ഒരുപാടു നാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു… സൗകര്യം ഒത്തുവന്നപ്പോള്‍ ഇന്നലെ photoshoot നടത്തി…
അപകടത്തെ തുടര്‍ന്ന്, ആശുപത്രിയില്‍ ആയിരുന്നതിനാല്‍ നീണ്ടു പോവുകയായിരുന്നു… കഴിഞ്ഞ മൂന്നു നാലു ദിവസം മുന്‍പ്, ഹനാന് എന്നെ വിളിച്ചു… Photoshoot ചെയ്താലോ എന്ന് ചോദിച്ചു, ഞാന്‍ ചോദിച്ചു നിന്റെ Rest ഒക്കെ കഴിഞ്ഞോ എന്ന്.? അപ്പോള്‍ വളരെ പോസിറ്റീവ് ആയി “എനിക്കിപ്പോള്‍ വലിയ പ്രശ്നം ഒന്നും ഇല്ല. അത്യാവശ്യം നടക്കുവാനൊക്കെ പറ്റും എന്ന് പറഞ്ഞു… അങ്ങിനെ ഞാന്‍ പെട്ടെന്ന് തന്നെ Costumes ഒക്കെ റെഡി ആക്കി. എന്റെ സുഹൃത്തും ഫാഷന്‍ ഫോട്ടോഗ്രാഫറും ആയ വൈശാഖന് മംബ്രയെ വിളിച്ചപ്പോള്‍ ഉടനെ എത്താമെന്നും പറഞ്ഞു, പിന്നെ എല്ലാം പെട്ടെന്നായിരുന്നു…
പക്ഷെ ഞങ്ങള്‍ ഹാനാന്റെ ഫ്ലാറ്റില്‍ ചെന്ന് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു… photoshoot മാറ്റിവെച്ചാലോ എന്ന് വരെ ഞാനും വൈശഖും ഒരു നിമിഷം ചിന്തിച്ചു… കാരണം ഹനാന് വീല്‍ ചെയറില്‍ തന്നെയാണ്… ഞാന്‍ ചെന്നപ്പോള്‍ കാണുന്നത്. അതുകൊണ്ട് ഞാന്‍ ചോദിച്ചു മോളെ നമുക്ക് ഇത് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചാലോ എന്ന്. പക്ഷെ ആ കുട്ടിയുടെ പ്രത്യാശയുടെയും, പോസിറ്റീവ് എനര്‍ജിയുടെയും മുന്നില്‍ ഞങ്ങള്‍ തോറ്റുപോയി… വീല്‍ ചെയറില്‍ ആയിരുന്ന ഹനാനെ makeup ചെയ്തു, പിന്നെ Costume change ചെയ്യുന്ന സമയം നട്ടെല്ലിലെ 16 ഓളം വരുന്ന stitches കണ്ടു ഞാന്‍ സത്യത്തില്‍ തളര്‍ന്നു പോയി. ആ കുട്ടിയുടെ സ്ഥാനത്ത് എത്ര വലിയ ഇരട്ടചങ്കനും എണീറ്റിരിക്കുവാന്‍ പേടിക്കും…
പക്ഷെ ആ ഫ്ലാറ്റില്‍ അവള് തനിച്ചാണ്, ആ വീല്‍ ചെയറില്‍ തന്നെ നടന്നു ഭക്ഷണം പാകം ചെയ്യലും, തുണി അലക്കലും എല്ലാം, ഒരാളും തുണയില്ലാതെ… (അച്ഛന് രണ്ടു ദിവസം നിന്നിട്ടു പോയി..) അവള് ചോദിച്ച ചോദ്യത്തിന് മുന്നില്‍ എനിക്കൊന്നും തിരിച്ചു പറയുവാനില്ലായിരുന്നു… “ഞാന്‍ ഇങ്ങിനെ തളര്‍ന്നു കിടന്നിട്ടെന്തു ചെയ്യാനാണ് ആബേല്‍ ജീ… ആശുപത്രിയിലെ ചിലവെല്ലാം സര്‍ക്കാര്‍ നോക്കി എങ്കിലും ഇനി എനിക്ക് മുന്നോട്ടു പോകണമെങ്കില്‍ എന്ത് ചെയ്യും, ഇതില്‍ നിന്നും എനിക്ക് എന്റെ സ്വപ്നങ്ങള്‍ ക്കൊപ്പം ജീവിക്കണം, എനിക്ക് തളര്ന്നിരിക്കുവാന് മനസ്സില്ല, ദയവു ചെയ്തു ഇത് വേണ്ടാ എന്ന് വെക്കരുത്, എന്നെ നിരാശപ്പെടുത്തരുത്, എത്ര നാളായിട്ടുള്ള ആഗ്രഹമാണന്നോ..” എന്ന്.
സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞു പോയി… അവള് ഒരു തീയാണ്, മീന്‍ ചന്തയില്‍ ഇത്ര ചെറിയ പ്രായത്തില്‍ പോയി മീന്‍ വില്ക്കുവാന് കാണിച്ചത് അവളുടെ ചങ്കൂറ്റം തന്നെയെന്നു നിസംശയം പറയാം… ഒരു ചെറിയ പനിവന്നാല്‍ തളര്‍ന്നു പോകുന്ന നമുക്കെല്ലാം ഹനാന് വലിയൊരു പാഠപുസ്തകം ആണ്. ആ കൊച്ചു മനസ്സിലെ വലിയ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ ഞാന്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്തിരിക്കും എന്ന വാഗ്ദാനവും നല്കി photoshoot അവളുടെ ആഗ്രഹം പോലെ ചെയ്തു തീര്‍ത്ത് ഞങ്ങള്‍ മടങ്ങി…