ജിമ്മി ജോര്‍ജ് പുരസ്‌കാരം ജിന്‍സണ്‍ ജോണ്‍സണ്

October 19, 2018

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് പുരസ്‌കാരം അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്. മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിനാണ് താരം അര്‍ഹനായത്. അര്‍ജുന അവാര്‍ഡും അടുത്തിടെ ജിന്‍സണ്‍ ജോണ്‍സണ് ലഭിച്ചിരുന്നു.

ഏഷ്യന്‍ ഗെയിംസിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ജോസ് ജോര്‍ജ്, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരടങ്ങിയ കമ്മറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ജക്കാര്‍ത്തയില്‍ വെച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു ജിന്‍സണ്‍.

ട്രാക്കില്‍ മിന്നല്‍പ്പിണര്‍പ്പോലെയാണ് ജിന്‍സണ്‍ കുതിച്ചത്. അവസാന ലാപ്പിലെത്തിയപ്പോഴെക്കും താരം മുന്നില്‍. അരനൂറ്റാണ്ടിലേറെയായി ഇന്ത്യ കൊതിച്ചിരുന്ന 1500 മീറ്ററിലെ സ്വര്‍ണ്ണമാണ് തൊടുത്തുവിട്ട അസ്ത്രംപോലെ കുതിച്ചുപാഞ്ഞ് ജിന്‍സണ്‍ സ്വന്തമാക്കിയത്. ഇരുപത്തിഅയ്യായിരം രൂപയും ഫലകവുമാണ് ജിമ്മി ജോര്‍ജ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്.