നാല് ദിവസംകൊണ്ട് ഏഴ് ലക്ഷം കാഴ്ചക്കാരുമായി ‘ജോണി ജോണി യെസ് അപ്പ’ യിലെ ഗാനം

October 17, 2018

കുഞ്ചക്കോ ബോബന്‍ നായകനായെത്തുന്ന ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനത്തിന് നാല് ദിവസംകൊണ്ട് ഏഴ് ലക്ഷം കാഴ്ചക്കാര്‍. യുട്യൂബിലാണ് ‘അരികെ ആരോ…’ എന്നുതുടങ്ങുന്ന ഗാനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.

ഗാനം സംഗീതസംവിധായകന്‍ ബിജിബാലിന്റെ മകന്‍ ദേവ്ദത്തും ദീപക് ദേവിന്റെ മകള്‍ ദേവികാ ദീപക് ദേവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. ബി.കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍.

ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്തര, ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ജോണി ജോണി യെസ് അപ്പ‘ എന്ന ചിത്രത്തിനുണ്ട്. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈശാഖ് രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രമാണെങ്കിലും നല്ലൊരു കുടുംബ ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ’ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ഒരുപിടി നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ചിത്രത്തിനായ് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.