കീര്‍ത്തിക്ക് കല്യാണിയുടെ പിറന്നാള്‍ ആശംസ; ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ്

October 19, 2018

തെന്നിന്ത്യയുടെ പ്രിയതാരം കീര്‍ത്തി സുരേഷിന് കല്യാണി പ്രിയദര്‍ശന്റെ പിറന്നാള്‍ ആശംസ. ചെറുപ്പം മുതല്‍ക്കെ കളിക്കൂട്ടുകാരായിരുന്നു ഇരുവരും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കല്യാണി പിറന്നാള്‍ ആശംസ നേര്‍ന്നത്. ഇരുവരുടെയും കുട്ടിക്കാലത്തെ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ കീര്‍ത്തിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതോടൊപ്പം ആരാധകര്‍ക്കായി മറ്റൊരു സര്‍പ്രൈസ്‌കൂടി നല്‍കി കല്യാണി പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് ‘കുഞ്ഞാലി മരയ്ക്കാര്‍‘ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നും കല്യാണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘കിറ്റി’ എന്ന് വിളിച്ചുകൊണ്ടാണ് കല്യാണി കീര്‍ത്തിക്ക് ആശംസകള്‍ നേര്‍ന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും ആശംസിച്ചു. ഒപ്പം കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ‘സണ്ടക്കോഴി 2’, ‘സര്‍ക്കാര്‍’ എന്നീ ചിത്രങ്ങള്‍ക്കും കല്യാണി ആശംസകള്‍ നേര്‍ന്നു. ഒരുമിച്ചഭിനയിക്കുന്ന മരയ്ക്കാറിനായി ഡിസംബര്‍ വരെ കാത്തിരിക്കാന്‍ വയ്യ എന്നു കുറിച്ചുകൊണ്ടാണ് കല്യാണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.