സാഹസികമായ ഒരുപാട് സീനുകൾ ചെയ്യേണ്ടി വന്നു; സവാരിക്കിടെ കുതിരകൾ കുടഞ്ഞെറിഞ്ഞു,പലപ്പോഴും രക്ഷപെട്ടത് തലനാരിഴയ്ക്ക്;കൊച്ചുണ്ണി അനുഭവങ്ങൾ പങ്കുവെച്ച് നിവിൻ

October 7, 2018

നിവിൻ പോളി നായകനായി എത്തുന്ന റോഷൻ ആൻഡ്‌റൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നായകൻ നിവിൻ പോളി. 1800 കളിൽ ജീവിച്ചിരുന്ന ജനകീയനായ പെരും കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ അതിസാഹസികമായ നിരവധി രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുത്ത പഴയ കാലഘട്ടത്തിൽ ഇത്തരം സാഹസിക രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് നിവിൻ പോളി വിവരിക്കുന്നത്..

സിനിമയുടെ ചിത്രീകരണത്തിനിടെ കുതിരപ്പുറത്തു നിന്നും നിരവധി തവണ വീണ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നിവിൻ. സാധാരണ സിനിമയുടെ ചിത്രീകരണത്തിനായി ഒരു കുതിരയെ ഇണക്കിയെടുത്ത് അവന്റെ പുറത്തായിരിക്കും ചിത്രീകരണം നടത്തുക. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകൾ ഇടയ്ക്കിടെ മാറ്റുന്നതിനാൽ എല്ലാ സ്ഥലങ്ങളിലേക്കും കുതിരയെ കൊണ്ടുപോകാൻ സാധിക്കില്ല. അതിനാൽ ഓരോ സ്ഥലങ്ങളിലും പുതിയ കുതിര ആയിരിക്കും ഉണ്ടാവുക. അതിനാൽ കുതിര സവാരിക്കിടെ പലപ്പോഴും കുതിരകൾ കുടഞ്ഞെറിഞ്ഞിട്ടുവരെയുണ്ട്. നിവിൻ പോളി പറഞ്ഞു..

അതേസമയം ശ്രീലങ്കയിലും മംഗളൂരുവിലുമുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകൾക്കിടയിലാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് തല നാരിഴയ്ക്ക് പല അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും റോഷൻ ആൻഡ്രൂസ് നേരത്തെ പറഞ്ഞിരുന്നു. ശ്രീലങ്കയിലെ തടാകത്തിലെ ചിത്രീകരണ വേളയിലുണ്ടായ അനുഭവം റോഷൻ ആൻഡ്രൂസ് പറഞ്ഞതിങ്ങനെ..

“ശ്രീലങ്കയിലെ ഒരു തടാകത്തിലായിരുന്നു ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. പക്ഷെ അവിടെ എത്തിയപ്പോഴാണ് ഒരാൾ പറയുന്നത് തടാകത്തിൽ മുന്നൂറോളം മുതലകൾ ഉണ്ടെന്ന്. അവിടെ ഷൂട്ട് ചെയ്യുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നതിനാൽ അപകടമാണെന്നറിഞ്ഞിട്ടും മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഷൂട്ടിങ്ങിനു മുന്നേ തന്നെ ക്രൂവിലുണ്ടായിരുന്ന കുറച്ചുപേരെ തടാകത്തിലിറക്കി ശബ്ദമുണ്ടാക്കിക്കൊണ്ട് മുതലകളെ പേടിപ്പിച്ചു വിട്ടു. എന്നാൽ പോലും ഷൂട്ടിംഗ് സമയത് അഞ്ചോ-ആറോ മുതലകൾ വെള്ളത്തിന് മുകളിൽ ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്.”-റോഷൻ ആൻഡ്രൂസ് പറഞ്ഞു.

മംഗ്ലൂരിലെ കട്ടപ്പ വനത്തിലെ ഷൂട്ടിനിടെ ക്രൂവിലെ ഒരാളെ പാമ്പുകടിച്ചു. വിഷപ്പാമ്പുകൾ നിറഞ്ഞ അപകടം പിടിച്ച ഒരു സ്ഥലമായിരുന്നു അത്, അതുകൊണ്ട് തന്നെ ക്രൂവിലുള്ളവർക്ക് വൈദ്യ സഹായം നൽകാനായി ഒരു ഡോക്ടറും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് പാമ്പു കടിയേറ്റ ആൾക്ക് അപകടം സംഭവിക്കാതിരുന്നത്. ഷൂട്ടിങ്ങിനിടെ നിവിന്റെ കൈ ഒടിഞ്ഞതും തലനാരിഴയ്ക്ക് കാളവണ്ടി ദേഹത്ത് വീഴാതെ രക്ഷപ്പെട്ടതുമെല്ലാം മറ്റു ഞെട്ടിക്കുന്ന അനുഭവങ്ങളായിരുനെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.