മുഹമ്മദ് സിറാജിനെ ടെസ്റ്റ് ടീമിലെത്തിച്ചത് ‘ഈ താര’ത്തിന്റെ വാക്കുകള്‍
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് ഏറെ പ്രത്യേകതകളോടെയായിരുന്നു. പുതുമുഖങ്ങള്‍ക്ക് ടീമില്‍ ഇടം നല്കി എന്നതാണ് എടുത്തപറയേണ്ട പ്രത്യേകത. റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ഹനുമാ വിഹാരി, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവരെല്ലാം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടണ്ട്.
എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ തന്നെ സഹായിച്ചത് എംഎസ് ധോണിയുടെ വാക്കുകളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂസ്ലെന്റിനെതിരെ നടന്ന മത്സരത്തില്‍ തളര്‍ന്നപ്പോള്‍ ധോണി നല്കിയ ഉപദേശവും ആത്മവിശ്വാസവും ചെറുതല്ലെന്ന് മുഹമ്മദ് സിറാജ് വെളിപ്പെടുത്തി.
കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ബാറ്റ്സ്മാന്റെ ഫൂട്ട്വര്ക്ക് നോക്കി ലൈനിലും ലെങ്തിലും മാറ്റം വരുത്താനായിരുന്നു ധോണി മുഹമ്മദ് സിറാജിന് നല്കിയ ഉപദേശം. ധോണിയുടെ വാക്കുകള്‍ക്കനുസരിച്ച് ബൗളിംഗില്‍ മാറ്റം വരുത്തിയപ്പോള്‍ കൂടുതല്‍ മികവ് പുലര്‍ത്താനായെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു.
പേസ് ബൗളറായ മുഹമ്മദ് ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യയ്ക്കായുള്ള മത്സരങ്ങളിലും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയ്ക്കായി മൂന്ന് ട്വിട്വന്റി മത്സരങ്ങളും മുഹമ്മദ് സിറാജ് കളിച്ചിട്ടുണ്ട്. ട്വിട്വന്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിരാട് കോഹ്ലിയും ഏറെ ധൈര്യം പകര്‍ന്നിരുന്നുവെന്നും മുഹമ്മദ് സിറാജ് പറഞ്ഞു. 2017 ലാണ് മുഹമ്മദ് സിറാജ് ട്വിട്വന്റി ടീമില്‍ ഇടം പിടിച്ചത്.
ഈ മാസം നാലുമുതലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ്. രാജ്കോട്ടാണ് മത്സരവേദി. ഒക്ടോബര്‍ 12 ന് ഹൈദരബാദില്‍വെച്ചാണ് രണ്ടാം ടെസ്റ്റ്.