ബസ് ഓടിച്ച് കുരങ്ങ്; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ, പണി വാങ്ങിച്ച് ഡ്രൈവർ, വൈറൽ വീഡിയോ കാണാം

October 6, 2018

ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നേയുള്ളു ആള് നല്ലൊരു ഡ്രൈവർ ആണ്..സോഷ്യൽ മീഡയ വഴി ദിവസേന നിരവധി ആളുകൾ താരമാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയിൽ ഇപ്പോൾ താരമായിരിക്കുകയാണ് ഒരു കുരങ്ങ്. കുരങ്ങ് താരമായിരിക്കുന്നത് ചുമ്മാതല്ല കഷ്ടപ്പെട്ട് വാഹനം ഓടിച്ചിട്ടാണ്. അതും ചെറിയ വാഹനമൊന്നുമല്ല കക്ഷി ഓടിച്ചത് ബസാണ്. കെ എസ് ആർ ടി ബസ്.

കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലാണ് സംഭവം. ഡ്രൈവർക്കൊപ്പം കക്ഷി  സ്റ്റിയറിങ്ങിൽ പിടുത്തം ആരംഭിച്ചതോടെ ബസ് യാത്രക്കാർ ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് ഈ കാഴ്ച എല്ലാവർക്കും രസകരമായി. യാത്രക്കാരിൽ ഒരാൾ കുരങ്ങ് ബസ് ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി ആളുകൾ ഇതിനെ പ്രശംസിച്ചും ഇതിനെ എതിർത്തും രംഗത്തെത്തിയിരുന്നു.

അതേസമയം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ കുരങ്ങിന് ബസിന്റെ നിയന്ത്രണം നല്കിയെന്നാരോപിച്ച് ബസ് ഡ്രൈവർ പ്രകാശിനെ അധികൃതർ സസ്പെൻഡ് ചെയ്തു.  അന്വേഷണം പൂർത്തിയാകുന്നതുവരെ ജോലിയിൽ നിന്നും പ്രകാശിനെ മാറ്റിനിർത്തിയിരിക്കുകയാണ്.