ചിരിയുടെ നർമ്മ മുഹൂത്തങ്ങളുമായി വീണ്ടും ധർമ്മജനും വിഷ്ണുവും; ‘നിത്യഹരിത നായകൻ’ ഉടൻ

October 15, 2018

‘കട്ടപ്പനയിലെ ഋഥ്വിക് റോഷൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും. ഇരുവരും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ ആണെങ്കിലും ഈ കൂട്ടുകെട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിഷ്ണുവും ധർമ്മജനും ഒന്നിക്കുന്ന ‘നിത്യഹരിത നായകനാ’ണ് ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന പുതിയ ചിത്രം, ഈ വർഷം നവംബറിൽ തിയേറ്ററുകളിൽ എത്തും.

ധർമ്മജൻ ബോൾഗാട്ടി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് നിത്യഹരിത നായകൻ. ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ മനു തച്ചേട്ടും ധർമ്മജനും ഒരുമിച്ചു ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

പാലായിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ നിമിഷങ്ങൾ കൂട്ടിച്ചേർത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം കിട്ടിയ ഒരു കഥയിൽ നിന്നാണ് നിത്യ ഹരിത നായകനെ കണ്ടെത്തിയതെന്ന് സംവിധായകൻ ബിജുരാജ് പറഞ്ഞു. നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രം ഒരു മുഴുനീള എന്റെർറ്റൈനെർ ചിത്രമായിരിക്കുമെന്നും അണിയറ പ്രവത്തകർ അറിയിച്ചു.

ജയഗോപാൽ തിരക്കഥ തയാറാക്കിയ ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ പവനാണ്. ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, സാജൻ പള്ളുരുത്തി, വിനോദ് തൃക്കാക്കര, ജയഗോപാല്‍, ബാബു റഫീക്ക്, ബേസില്‍ ജോസഫ്, അഖില, ജയശ്രീ, രവീണ രവി, ശിവകാമി, ശ്രുതി, നിമിഷ, അഞ്ജു അരവിന്ദ്, ഗായത്രി, മാസ്റ്റര്‍ ആരോണ്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.