വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്നു; ശ്രദ്ധനേടി ‘രണ്ടി’ലെ ഗാനം

March 4, 2021
vishnu unnikrishnan film Randu Promo Song

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച വിഷ്ണു ഉണ്ണികൃഷ്‌ണൻ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘രണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് വിഷ്ണു നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. മതസൗഹാർദ്ദം വിളിച്ചോതുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ബിജിബാൽ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ കെ നിഷാദാണ്.

സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബിനു ലാൽ ഉണ്ണിയുടേതാണ്. പ്രജീവ് സത്യവ്രതനാണ് ചിത്രം നിര്‍മിക്കുന്നത്. അന്ന രേഷ്മരാജൻ ആണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായെത്തുന്നത്. നാട്ടുംപുറത്തുകാരനായ വാവ എന്ന കഥാപാത്രമായാണ് വിഷ്ണു ചിത്രത്തിൽ അഭിനയിക്കുന്നത്. ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: മലയാളി ഹൃദയം കവർന്ന ലാലേട്ടൻ ചിരികൾ; സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ വിഡിയോ

‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ താരം സിനിമ മേഖലയിൽ സജീവമായി. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങുന്ന താരം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്. ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ’, ‘ശിക്കാരി ശംഭു’, ‘വികടകുമാരൻ’, ‘യമണ്ടൻ പ്രേമകഥ’, ‘നിത്യഹരിതനായകൻ’ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്.

Story Highlights: vishnu unnikrishnan film Randu Song