വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പൻ- ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’

November 14, 2020

രസകരമായ പേരുകളിലൂടെയാണ് പുതിയ ചിത്രങ്ങളെല്ലാം ശ്രദ്ധ നേടുന്നത്. ഇക്കൂട്ടത്തിലേക്ക് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രവും എത്തുന്നു. ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്നാണ് ചിത്രത്തിന്റെ പേര്. വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പനാണ് സിനിമയിൽ എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.

പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ നോബിൾ ജോസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് ടോമാണ്. എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. വികൃതി, പാവ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആർട്ടിസ്റ്റുമായ അജീഷ് പി തോമസാണ് മോഷൻ ടൈറ്റിൽ പോസ്റ്റർ ഒരുക്കിയത്.

ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ചിത്രീകരണം നവംബർ 23ന് തൊടുപുഴയിൽ ആരംഭിക്കും.

Read more: കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ- ശ്രദ്ധനേടി ‘പ്രകാശൻ പറക്കട്ടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

അതേസമയം, വിഷ്ണുവിനെ നായകനാക്കി സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ട്.ചിത്രത്തിന്റെ രചന ബിനു ലാൽ ഉണ്ണിയുടേതാണ്. പ്രജീവ് സത്യവ്രതനാണ് ചിത്രം നിര്‍മിക്കുന്നത്. അന്ന രേഷ്മ രാജൻ ആണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായെത്തുന്നത്.

Story highlights- vishnu unnikrishnan’s next with saniya iyyappan