‘ഇരുട്ടിന്റെ രാജാവ് വീണ്ടും ഉണർന്നു..’ ; അണിയറ പ്രവർത്തകർക്കൊപ്പം മോഹൻലാലും..

October 19, 2018

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് ആരംഭിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് നീണ്ടു നിൽക്കുന്നതാണ് അവസാന ഘട്ട ഷൂട്ടിങ്. ചിത്രത്തിന്റെ സംവിധായകൻ വി എ ശ്രീകുമാർ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് നടക്കുന്ന എ എം എം എ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹൻലാൽ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്,സിദ്ദിഖ്, ഇന്നസെന്റ്, നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.