ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന നെഹ്‌വാളിന് വിജയം

October 17, 2018

ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്‌വാളിന് വിജയം. ഹോംഗ്‌കോങിന്റെ ചീയുംഗിനെയാണ് സൈന പരാജയപ്പെടുത്തിയത്. മൂന്നു ഗെയിമുകള്‍ നീണ്ടു നിന്ന മത്സരത്തിലെ ആദ്യ ഗെയിമില്‍ സൈന പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടും മൂന്നും ഗെയിമില്‍ താരം ശക്തമായ തിരിച്ചുവരവ് തന്നെ നടത്തി. സ്‌കോര്‍: 20-22, 21-17, 24-22.

അതേ സമയം ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന പിവി സിന്ധു ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്നും പുറത്തായി. അമേരിക്കയുടെ ബീവ സാംഗിനോടായിരുന്നു സിന്ധു പരാജയപ്പെട്ടത്.

ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ സൈന ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ്. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൈന. ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം, വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളും സൈനയ്ക്കുണ്ട്.

2009-ല്‍ ജക്കാര്‍ത്തയില്‍ വച്ചു നടന്ന ഇന്‍ഡോനേഷ്യ ഓപണ്‍ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിന്‍ വാംഗിനെ പരാജയപ്പെടുത്തി സൈന ചരിത്രം കുറിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കരിയാണ് സൈന.