‘വൈറസി’ൽ നിന്നും പിന്മാറി; വിശദീകരണവുമായി കാളിദാസ് ജയറാം..

October 15, 2018

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തില്‍ നിന്നും കാളിദാസ് ജയറാം പിന്‍മാറിയെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അതേസമയം ഇതിനെക്കുറിച്ച് താരം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ വാർത്ത ശരിയാണെന്ന് സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ് കാളിദാസ്.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വൈറസിൽ നിന്നും താൻ പിന്മാറിയെന്ന് താരം വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും താരം വ്യക്തമാക്കി. അതേസമയം ഡേറ്റിന്റെ അഭാവം മൂലമാണ് താരം ചിത്രത്തിൽ നിന്ന് പിന്മാറിയെതെന്നും സൂചനയുണ്ട്. കാളിദാസിന് പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് നേരത്തെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഷിഖ് അബുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒ പി എം ബാനറിലാണ് വൈറസിന്റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ആഷിക് അബു 2009ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.