മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം ‘ചാണക്യന്‍’ തീയറ്ററുകളിലേക്ക്

November 3, 2018

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായെത്തുന്ന ‘പേരന്‍പ്’ എന്ന ചിത്രം. എന്നാല്‍ ‘പേരന്‍പ്’ തീയറ്ററുകളിലെത്തും മുമ്പ് മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം ചാണക്യന്‍ തീയറ്ററുകളിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

2017-ഡിസംബറില്‍ തീയറ്ററുകളിലെത്തിയ ‘മാസ്റ്റര്‍പീസ്’ എന്ന മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ‘ചാണക്യന്‍’. അജയ് വാസുദേവ് ആണ് മാസ്റ്റര്‍പീസിന്റെ സംവിധാനം. ന്യൂ റോയല്‍ സിനിമാസ് ആണ് തമിഴ് പതിപ്പ് തീയറ്ററുകളിലെത്തിക്കുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ നായകനായെത്തിയ ‘മാസ്റ്റര്‍പീസ്’ തമിഴിലും തെലുങ്കിലും തീയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ് പതിപ്പ് ഉടന്‍ തീയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ റിലീസിങ് ഡെയ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

‘മാസ്റ്റര്‍പീസ്’ എന്ന ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദന്‍, മുകേഷ്, വരലക്ഷ്മി ശരത് കുമാര്‍, ഗോഗുല്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

അതേസമയം മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തുന്ന ‘പേരന്‍പ്‘ എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സംവിധായകന്‍ റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ കൈയ്യടി നേടിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാംസ്ഥാനത്ത് ഈ ചിത്രം നേരത്തെഎത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ഈചിത്രം 4,324 വോട്ടുകള്‍ നേടിയാണ് പതിനേഴാം സ്ഥാനം കരസ്ഥമാക്കിയത്.

ചിത്രത്തില്‍ ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനുമായഒരു പിതാവായിട്ടാണ് മമ്മൂട്ടി എത്തുന്നത്.അമുധന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ ‘പേരന്‍പ്’ രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുംസിദ്ദീഖ്,സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കിയ ചിത്രത്തില്‍ തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.