പുതിയ ഭാവങ്ങളില്‍ ടൊവിനോ; ‘മാരി 2’ വിലെ വില്ലന്റെ കൂടുതല്‍ ചിത്രങ്ങള്‍

November 10, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ പുതിയ ലുക്ക്. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് താരത്തിന്റെ കിടിലന്‍ മേയ്ക്ക് ഓവര്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ്- ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മാരി 2’. വില്ലന്‍ കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ബീജ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബീജയുടെ വിവിധ തരത്തിലുള്ള കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജഡപിടിച്ച് നീട്ടിവളര്‍ത്തിയ തലമുടിയാണ് ടൊവിനോയുടെ പുതിയ ലുക്കിലെ മുഖ്യ ആകര്‍ഷണം.

ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്. സായിയുടെ കാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’. തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നുണ്ട്.

മാരി 2′ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. 2015 ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ മാരി എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. മാരി 2 ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തിലാണ് ടൊവിനോ അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്. മാരി 2 വിലേത് ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ്. ഗായകനായ വിജയ് യേശുദാസായിരുന്നു മാരിയുടെ ആദ്യഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് മാരി 2 വില്‍.