സ്വന്തം തട്ടകത്തില്‍ വിജയിക്കാനാകാതെ ബ്ലാസ്‌റ്റേഴ്‌സ്; ആരാധകര്‍ക്ക് നിരാശ

November 6, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ബംഗളുരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് നിരാശ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം. വിജയം മാത്രം ലക്ഷ്യം വെച്ച് പോരാട്ടത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് നിരാശ.

അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്. പതിനേഴാം മിനിറ്റില്‍ ബംഗളുരുവിന്റെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ആദ്യ ഗോള്‍ നേടി. മുപ്പതാം മിനിറ്റില്‍ ലഭിച്ച പെനാലിറ്റി കിക്കിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ലാവിസ്ല സ്റ്റോജനോവിക് ഗോള്‍ നേടിയത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്നു.

എന്നാല്‍ മത്സരത്തിന്റെ എണ്‍പത്തിയൊന്നാം മിനിറ്റില്‍ ഈ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. സിസ്‌കോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ എന്ന് ഉറപ്പിച്ച ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ തടഞ്ഞു. പക്ഷെ കാര്യമുണ്ടായില്ല. കറങ്ങിത്തിരിഞ്ഞ പന്ത് നിക്കോള കിര്‍മാരോവിച്ചിന്റെ ദേഹത്ത് തട്ടി, പിന്നെ ലക്ഷ്യം തെറ്റാതെ ഗോള്‍ പോസ്റ്റിലേക്ക്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സെല്‍ഫ് ഗോള്‍ ആരാധകര്‍ക്ക് അവിശ്വസനീയമായിരുന്നു. തുടര്‍ന്ന് ലഭിച്ച സുവര്‍ണ്ണാവസരങ്ങളൊന്നും മുതലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനു സാധിച്ചില്ല.