‘സർക്കാർ’ റിലീസ് ദിനത്തിൽ നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തി കൈയ്യടി നേടി വിജയ് ഫാൻസ്‌

November 7, 2018

മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തിയ എ ആർ മുരുഗദോസ് ചിത്രം  സർക്കാർ. ഇളയ ദളപതി ചിത്രത്തിന്റെ റിലീസിംഗ് കഴിഞ്ഞ ദീപാവലി ദിനത്തിലായിരുന്നു. ഏറെ നാളുകളായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി മികച്ച പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി 180 അടി ഉയരത്തിൽ വിജയുടെ കട്ടൗട്ട് ആരാധകർ സ്ഥാപിച്ചത് ഏറെ ചർച്ച ചെയ്തിരുന്നു. എന്നാൽ  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടുകയാണ് ഇപ്പോൾ വിജയ് ഫാൻസ്‌.

ചങ്ങനാശ്ശേരിയില്‍ നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തി കൊടുത്താണ് കോട്ടയത്തെ വിജയ് ആരാധകര്‍ സര്‍ക്കാരിന്റെ വരവ് ആഘോഷമാക്കിയത്. ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെ വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുത്തത്. കല്യാണ ചെലവുകള്‍ എങ്ങനെ നടത്തുമെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വിജയ് ഫാന്‍സ് സഹായവുമായെത്തുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ വധുവിന് മൂന്നു പവന്റെ സ്വര്‍ണ്ണ ആഭരണവും കോട്ടയത്തെ വിജയ് ഫാന്‍സ് വാങ്ങി നല്‍കി.

ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.