രാജ്യാന്തര ചലച്ചിത്രമേള: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്നുമുതല്‍
രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്കെ)യുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്നുമുതല്‍ ആരംഭിക്കും. മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഡെലിഗേറ്റ് ഫീസ് 2000 രൂപ സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലന് നല്കി രജിസ്റ്റര്‍ ചെയ്യുന്നതോടെ രജിസ്ട്രേഷനു തുടക്കമാകും. ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. പതിവുപോലെ തിരുവനന്തപുരം തന്നെയാണ് വേദി.
നേരത്തെ പ്രഖ്യാപിച്ചതുപ്രകാരം മേള നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. മൂന്നരക്കോടി രൂപയായി ഈ വര്‍ഷത്തെ ചെലവ് ചുരുക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ആറുകോടി മുപ്പത്തിയഞ്ച് ലക്ഷമാണ് ചെലവായത്. അതേസമയം ഈ വര്‍ഷം ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.