രാജ്യാന്തര ചലച്ചിത്രമേള: രജിസ്ട്രേഷന് ആരംഭിച്ചു
രാജ്യാന്ത ചലച്ചിത്ര മേള(ഐഎഫ്എഫ്കെ)യുടെ രജിസ്ട്രേഷന് ആരംഭിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ അഞ്ചു മേഖലാ കേന്ദ്രങ്ങളിലാണ് നിലവില്‍ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാസം പത്ത് മുതലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുക. ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. പതിവുപോലെ തിരുവനന്തപുരം തന്നെയാണ് വേദി.
ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം മേഖലാ ഓഫീസുകളിലാണ് രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നത്. ഓരോ മേഖലയിലെയും കൗണ്ടറുകളിലൂടെ അഞ്ഞൂറ് പാസുകളാണ് വിതരണം ചെയ്യുക. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷന് ആവശ്യം. മുന്‍ വര്‍ഷങ്ങളില്‍ രജിസ്ട്രേഷന് ചെയ്തിട്ടുള്ളവര്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന് നമ്പര്‍ അല്ലെങ്കില്‍ രജിസ്റ്റേഡ് ഇ-മെയിലോ മൊബൈല്‍ നമ്പറോ നല്കിയാല് മതി.
നേരത്തെ പ്രഖ്യാപിച്ചതുപ്രകാരം മേള നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. മൂന്നരക്കോടി രൂപയായി ഈ വര്‍ഷത്തെ ചെലവ് ചുരുക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ആറുകോടി മുപ്പത്തിയഞ്ച് ലക്ഷമാണ് ചെലവായത്. അതേസമയം ഈ വര്‍ഷം ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.