ഐഎഫ്എഫ്കെ: മത്സരവിഭാഗത്തില്‍ നാല് സ്ത്രീ സംവിധായകരുടെ സിനിമകളും

തിരുവനന്തപുരത്തുവെച്ചു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും മാറ്റുരയ്ക്കും. ടര്‍ക്കിഷ് നടിയും സിവിധായികയുമായ വുല്‍സെറ്റ് സരോഷോഗുവിന്റെ ‘ഡെബറ്റ്’, ബിയാട്രീസ് സൈനറിന്റെ ‘ദി സൈലന്‍സ്’, അര്‍ജന്റീനിയന്‍ സംവിധായക മോണിക്ക ലൈറാനയുടെ ‘ദി ബെഡ്’, ഇന്ത്യന്‍ നാടക പ്രവര്‍ത്തകയായ അനാമിക ഹക്സറിന്റെ ‘ടേക്കിങ് ദ് ഹോഴ്സ് ടു ഈറ്റ് ജിലേബീസ്’ എന്നിവയാണ് മത്സര വിഭാഗത്തിലുള്ള സ്ത്രീ സംവിധായകരുടെ സിനിമകള്‍.
പ്രമേയത്തില്‍ തന്നെ ഏറെ വിത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രങ്ങള്‍ വിവിധ ചലച്ചിത്ര മേളകളിലും ശ്രദ്ധേയമായിട്ടുണ്ട്. ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. നേരത്തെ പ്രഖ്യാപിച്ചതുപ്രകാരം മേള നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. മൂന്നരക്കോടി രൂപയായി ഈ വര്‍ഷത്തെ ചെലവ് ചുരുക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ആറുകോടി മുപ്പത്തിയഞ്ച് ലക്ഷമാണ് ചെലവായത്. അതേസമയം ഈ വര്‍ഷം ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
Read more: രാജ്യാന്തര ചലച്ചിത്രമേള; ‘ഐഎഫ്എഫ്കെ ചലഞ്ചു’മായി ചലച്ചിത്ര അക്കാദമി
ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.