lakshya

ജിമിക്കി കമ്മലിന് ചുവടുവെച്ച് ജ്യോതിക; ‘കാട്രിൻ മൊഴി’യിലെ പുതിയ ഗാനം കാണാം

November 13, 2018

ലോകം മുഴുവൻ ഏറ്റുപാടിയ മലയാളം സൂപ്പർ ഹിറ്റ് ഗാനം ജിമിക്കി കമ്മലിന് ചുവടുവെച്ച് തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരം ജ്യോതിക. ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘കാട്രിൻ മൊഴി’. ചിത്രത്തിലെ ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിലാണ് ജ്യോതികയും ലക്ഷ്മി മഞ്ചുവും ജിമിക്കി കമ്മൽ എന്ന ഗാനത്തിന് ചുവടുവെയ്ക്കുന്നത്.

വിദ്യാ ബാലൻ പ്രധാന കഥാപാത്രമായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘തുമാരി സുലു’വിന്റെ റീമേക്കാണ് കാട്രിൻ മൊഴി. മലയാളത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനം അതേപടി കാട്രിൻ മൊഴിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനാണ് ജ്യോതികയും ലക്ഷ്മിയും ചുവടുവെയ്ക്കുന്നത്.

റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന ഒരു  വീട്ടമ്മയുടെ കഥ പറയുന്ന ചിത്രമാണ് കാട്രിൻ മൊഴി. ചിത്രത്തിൽ വിജയലക്ഷ്മി എന്ന വീട്ടമ്മയായാണ്  ജ്യോതിക വേഷമിടുന്നത്. ജ്യോതികയുടെ തമാശകളാണ് ചിത്രത്തിലെ പ്രധാന ആകർഷണമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്. ജ്യോതികയുടെ സൂപ്പർ ഹിറ്റ് ചിത്രം മൊഴി ഒരുക്കിയ രാധാ മോഹനനാണ് പുതിയ ചിത്രവും ഒരുക്കുന്നത്.

ചിത്രത്തിൽ അതിഥി വേഷത്തിൽ ചിമ്പു എത്തുന്നതിനൊപ്പം ലക്ഷ്മി മഞ്ജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദാർഥാണ് ചിത്രത്തിൽ ജ്യോതികയുടെ ഭർത്താവായി എത്തുന്നത്. ഭാസ്‌ക്കർ ‘കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നവംബർ 16 ന് തിയേറ്ററുകളിൽ എത്തും.