25 ദിവസങ്ങള്‍ക്കൊണ്ട് 70 കോടി നേടി ‘കായംകുളം കൊച്ചുണ്ണി’
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. തുടക്കത്തില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തേക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ ചില തീയറ്ററുകളും ഇപ്പോഴും ഹൗസ്ഫുള് തന്നെയാണ്. റിലീസ് ചെയ്ത് 25 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 25 ദിവസങ്ങള്‍ക്കൊണ്ട് ചിത്രം 70 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇത് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.
അഞ്ച്കോടിയിലും അധികമാണ് ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്‍. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. റോഷന് ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്കൂള്‍ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തിലെത്തുന്നു.
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.