ധനുഷിനൊപ്പം സുന്ദരിയായി സായി പല്ലവി; ‘മാരി 2’ വിലെ പുതിയ ഗാനം

November 28, 2018

തമിഴകത്തെയം മലയാളത്തിലെയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ്-ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘മാരി 2’. ചിത്രത്തിലെ പുതിയ ഗാനവും പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. റൗഡി ബേബി എന്ന ഗാനത്തില്‍ ധനുഷിനൊപ്പം സായി പല്ലവിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷും ധീയും ചേര്‍ന്നാണ് ആലാപനം. വരികള്‍ എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും.

അതേസമയം ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ക്രിസ്തുമസ് റിലീസായാണ് ചിത്രം തീയറ്ററുകളിലെത്തുക. ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’.

വില്ലന്‍ വേഷത്തിലാണ് ടൊവിനോ തോമസ് മാരി 2 വില്‍ എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബീജ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്.

Read more: ഓട്ടോ ഡ്രൈവറായി സായി പല്ലവി; ‘മാരി 2’ വിന്റെ പുതിയ പോസ്റ്ററുകള്‍

മാരി 2′ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ ധനുഷിന്റെ വില്ലനാണ് ടൊവിനോ. 2015 ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ ‘മാരി’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ‘മാരി 2’ ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തിലാണ് ടൊവിനോ അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്. മാരി 2 വിലേത് ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ്. ഗായകനായ വിജയ് യേശുദാസായിരുന്നു മാരിയുടെ ആദ്യഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് മാരി 2 വില്‍.