കാത്തിരിപ്പിന് വിരാമം; മോഹന്‍ലാലിന്റെ ‘ഡ്രാമ’ ഇന്നുമുതൽ തീയേറ്ററുകളിൽ

November 1, 2018

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഡ്രാമ. ചിത്രം ഇന്ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ടീസർ ഇന്നലെ  അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘കാണാന്‍ പോര് നമ്മുടെ പൂരം…’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രഞ്ജിത്താണ് ‘ഡ്രാമ’യുടെ സംവിധായകന്‍. രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘ലോഹ’ത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ആശാ ശരത്താണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, സുബി സുരേഷ്, മുരളി മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരിച്ചത്.