പിന്നണിഗായകനായി വിഷ്ണു ഉണ്ണികൃഷ്ണന്‍; നിത്യഹരിതനായകനിലെ ഗാനം കാണാം

November 4, 2018

മലയാളത്തിന്റെ പ്രിയപ്പെട്ട കൂട്ടുകെട്ട് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘നിത്യഹരിത നായകന്‍’. ചിത്രത്തിലെ ഒരു ഗാനംകൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ‘പാരിജാത…’ എന്നു തുടങ്ങുന്ന ഗാനമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ മെയ്ക്കിങ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘നിത്യഹരിത നായകന്‍’. ആദിത്യ ക്രിയേഷന്‍സിന്റെബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ഒരുമിച്ചുചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജയഗോപാലാണ്.

പാലായില്‍ ജനിച്ചു വളര്‍ന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില രസകരമായ നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷംകിട്ടിയ ഒരു കഥയില്‍ നിന്നാണ് നിത്യഹരിത നായകനെ കണ്ടെത്തിയതെന്ന് സംവിധായകന്‍ ബിജുരാജ് നേരത്തെ പറഞ്ഞിരുന്നു. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം ഒരു മുഴുനീള എന്റെര്‍റ്റൈനെര്‍ ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെ പവനാണ്. ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, വിനോദ് തൃക്കാക്കര, ജയഗോപാല്‍, ബാബു റഫീക്ക്, ബേസില്‍ ജോസഫ്, അഖില, ജയശ്രീ, രവീണ രവി, ശിവകാമി, ശ്രുതി, നിമിഷ, അഞ്ജു അരവിന്ദ്, ഗായത്രി, മാസ്റ്റര്‍ ആരോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

‘കട്ടപ്പനയിലെ ഋഥ്വിക് റോഷന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ഇരുവരും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ആണെങ്കിലും ഈ കൂട്ടുകെട്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിഷ്ണുവും ധര്‍മ്മജനും ഒന്നിക്കുന്ന ‘നിത്യഹരിത നായകന്‍ ഏറെ ആകാംഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.