സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘ഒടിയനി’ലെ ഗാനം; ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിൽ ആരാധകര്‍

November 21, 2018

മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്‍’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

ഒടിയനിലെ ആദ്യ ഗാനവും ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്ത്. ‘കൊണ്ടോരാം… കൊണ്ടോരാം…’ എന്ന ഗാനമാണ് യുട്യൂബില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ആദ്യ ദിനം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നമതുതന്നെയാണ് നിൽക്കുന്നത്. ഇതിനോടകം തന്നെ ഒരു മില്യണിൽ അധികം ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്.

പാട്ടിനെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒടിയന്‍ ഒന്നാം സ്ഥാനത്തെത്തി എന്ന വാർത്തയും മലയാളികൾക്ക് അഭിമാനത്തിന് വകയുള്ളതാണ്.  പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ ട്രെന്‍ഡിങ് പട്ടികയിലാണ് ‘ഒടിയന്‍’ ഒന്നാമതെത്തിയത്.

റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ റേറ്റിങില്‍ നാലാം സ്ഥാനത്തായിരുന്നു ‘ഒടിയന്‍‘. രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘2.0’ ആയിരുന്നു മുന്നില്‍. പുതിയ കണക്കുകള്‍ പ്രകാരം ‘2.0’ യെയും ഷാരൂഖ് ഖാന്‍ മൂന്നടി പൊക്കത്തില്‍ എത്തുന്ന ‘സീറോ’യെയും പിന്നിലാക്കിയാണ് ‘ഒടിയന്‍’ ഒന്നാമതെത്തിയത്.