ആത്മാവിൽ തൊട്ട് ഒരു ഗാനം; ‘ഒറ്റക്കൊരു കാമുകനി’ലെ പുതിയ ഗാനം കാണാം…

November 7, 2018

പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രമായി അജിന്‍ലാല്‍, ജയന്‍ വന്നേരി എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം ഒറ്റക്കൊരു കാമുകനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഷാലു റഹീമും ലിജോ മോളും നായികാനായകന്‍മാരാകുന്ന ചിത്രത്തിലെ പുതിയ പാട്ടിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ആത്മാവില്‍…’ എന്നു തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക ജ്യോത്സനയും സച്ചിന്‍ രാജും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്. ലിജോയെയും ഷാലുവിനെയും കൂടാതെ ഡെയിന്‍ ഡേവിസും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവിതത്തിലെ പ്രണയ ജോഡികള്‍ സിനിമയിലും ഒന്നിക്കുന്നു എന്ന സവിശേഷതയും ഒറ്റക്കൊരു കാമുകന്‍ എന്ന ചിത്രത്തിനുണ്ട്എന്നത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്.

നവാഗതരായ എസ്.കെ സുധീഷ്, ശ്രീഷ് കുമാര്‍ എസ്. എന്നിവർ ചേർന്നാണ് ഒറ്റക്കൊരു കാമുകൻ  തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഡാസ്‍ലിംഗ് മൂവി ലാന്‍ഡിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലേറിയന്‍സ്, സജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിരാമി, ഷൈന്‍ ടോം ചാക്കോ, ജോജു ജോര്‍ജ്ജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഷഹീന്‍ സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നവംബര്‍ 23ന് തിയറ്ററുകളിലെത്തും.