പ്രണയത്തെക്കുറിച്ച് പറഞ്ഞ് ‘ഒറ്റക്കൊരു കാമുകന്‍’; ട്രെയിലര്‍

November 19, 2018

പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ഒറ്റയ്‌ക്കൊരു കാമുകന്‍.’ അജിന്‍ലാല്‍, ജയന്‍ വന്നേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഒറ്റക്കൊരു കാമുകന്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഇതിനുപുറമെ ഷാലു റഹീമും ലിജോ മോളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ് ട്രെയിലര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ആത്മാവില്‍…’ എന്നു തുടങ്ങുന്ന മനോഹരഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായികജ്യോത്സനയും സച്ചിന്‍ രാജും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്. ലിജോയെയും ഷാലുവിനെയും കൂടാതെ ഡെയിന്‍ ഡേവിസും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവിതത്തിലെ പ്രണയ ജോഡികള്‍ സിനിമയിലും ഒന്നിക്കുന്നു എന്ന സവിശേഷതയും ഒറ്റക്കൊരു കാമുകന്‍ എന്ന ചിത്രത്തിനുണ്ട് എന്നത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്.

നവാഗതരായ എസ്.കെ സുധീഷ്, ശ്രീഷ് കുമാര്‍ എസ്. എന്നിവര്‍ ചേര്‍ന്നാണ് ഒറ്റക്കൊരു കാമുകന്‍ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഡാസ്‌ലിംഗ് മൂവി ലാന്‍ഡിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലേറിയന്‍സ്, സജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിരാമി, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഷഹീന്‍ സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നവംബര്‍ 23ന് തിയറ്ററുകളിലെത്തും.