‘ഗാനഗന്ധർവനാ’യി മമ്മൂട്ടി; രമേഷ് പിഷാരടി ചിത്രത്തിന്റെ കിടിലൻ ടീസർ കാണാം…

November 2, 2018

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ  ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തിറങ്ങി. കേരളപ്പിറവി ദിനത്തിൽ റിലീസ് ചെയ്ത് മോഹൻലാൽ ചിത്രം ഡ്രാമയ്ക്കൊപ്പം തീയേറ്ററുകളില്‍ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ഗാനഗന്ധര്‍വ്വന്റേത്. പിന്നാലെ യുട്യൂബിലും ടീസര്‍ എത്തി.

താരരാജാവ് മമ്മൂട്ടിയുടെ എല്ലാ കാലങ്ങളിലെയും മികച്ച സിനിമകളിലെ ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് ടീസര്‍. അതിരാത്രം മുതല്‍ ഗ്രേറ്റ്ഫാദര്‍ വരെയുള്ള സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെയാണ് ടീസർ മുന്നോട്ട് പോകുന്നത്. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

‘ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു’, രമേശ് പിഷാരടി പറഞ്ഞു.

‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിക്കുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും രമേശ് പിഷാരടി അറിയിച്ചു.