‘പോരാളിയായ ഒരു രാജകുമാരന്‍റെ ഇതുവരെ പറയാത്ത കഥ’; പൃഥ്വിരാജിന്റെ ‘അയ്യപ്പൻ’ ഉടൻ

November 18, 2018

പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അയ്യപ്പൻ ഉടൻ. ശബരിമലയിലെ ‘അയ്യപ്പന്‍റെ’ പുരാണം സിനിമാരൂപത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

വർഷങ്ങൾക്ക് മുമ്പ് ശങ്കർ തന്നോട് പറഞ്ഞിരുന്ന ഈ ചിത്രത്തെക്കുറിച്ച് ഒരുപാട് നാളുകളായി താൻ സ്വപ്നം കണ്ടിരുന്നുവെന്നും  ഒരു ദിവസം ഇത് നടക്കുമെന്ന് ഉറപ്പായിരുന്നുവെന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു..

“പോരാളിയായ ഒരു രാജകുമാരന്‍റെ ഇതുവരെ പറയാത്ത കഥ. ഒരിക്കല്‍ ഈ മണ്ണില്‍ ചവുട്ടി നടന്നിരുന്ന ഒരു വിപ്ലവകാരി..” സിനിമയെ ശങ്കര്‍ രാമകൃഷ്ണന്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു. പതിനെട്ടാം പടിക്ക് ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇതാണെന്നും ഓഗസ്റ്റ് സിനിമയ്ക്കും ഷാജി നടേശനും സന്തോഷ് ശിവനും പൃഥ്വിരാജിനും നന്ദിയുണ്ടെന്നും ശങ്കര്‍ രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.