നാളെ റിലീസ് ചെയ്യുന്ന മലയാള സിനിമകൾ

November 22, 2018

നാളെ മലയാളത്തിൽ റിലീസ് ചെയ്യുന്നത് ഒന്നും രണ്ടുമല്ല എട്ട് ചിത്രങ്ങളാണ്. ‘അങ്കമാലി  ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അപ്പാനി ശരത്തിനെ നായകനാക്കി ഇ എസ് സുധീപ് സംവിധാനം ചെയ്യുന്ന ‘കോണ്ടസ്സ’. അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന സുജിത് വാസുദേവ് ചിത്രം  ‘ഓട്ടർഷ’, ജെഫിൻ ജോയുടെ ‘369’, നവാഗത സംവിധായകൻ സമ്പത്ത് സംവിധായകനാകുന്ന ചിത്രം ‘പാപ്പാസ്’, അജിൻലാൽ – ജയൻ വന്നേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഒറ്റയ്ക്കൊരു കാമുകൻ’, തേജസ് പെരുമണ്ണയുടെ വിനീത് നായകനായി എത്തുന്ന ‘മാധവീയം’, അജു കെ നാരായണനും അൻവർ അബ്ദുള്ളയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘സമക്ഷം’, രാജീവ് ബാലകൃഷ്ണന്റെ ‘ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ’ തുടങ്ങിയവയാണ് നാളെ തിയേറ്ററുകളിൽ എത്തുന്ന മലയാള ചിത്രങ്ങൾ…

കോണ്ടസ…

സിപ്പി ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റിയാസാണ്.  അപ്പാനി ശരത്തും, സിനിൽ സൈനുദ്ധീനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും പോസറ്ററുകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. ഇതിനും ആരാധകർക്കിടയിൽ തികഞ്ഞ സ്വീകാര്യതയായിരുന്നു.

ഓട്ടർഷ… 

അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന സുജിത് വാസുദേവ് ചിത്രമാണ് ഓട്ടർഷ. അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അനുശ്രീയ്ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എല്‍ ജെ ഫിലിംസിന്റെ ബാനറിലാണ് ‘ഓട്ടര്‍ഷ’ റിലീസ് ചെയ്യുന്നത്.

മാധവീയം…

ഒരിടവേളയ്ക്ക് ശേഷം വിനീത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാധവീയം അനശ്വര പ്രണയത്തിന്റെ ക്യാൻവാസിൽ സാമൂഹിക പ്രതിബദ്ധത   വരച്ചുകാണിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തേജസ് പെരുംമണ്ണയാണ്.  ഗാന രചയിതാവും സംഗീത സംവിധായകനുമായ സുധിയും തേജസ് പെരുമണ്ണയും ചേർന്ന് തിരക്കഥ തയാറാക്കിയിരിക്കുന്ന ചിത്രംമാണ് മാധവീയം.

നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ എസ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു മാധവ് ദേവ് എന്ന ചിത്രകാരനായാണ് വിനീത് വേഷമിടുന്നത്. ബാബു നമ്ബൂതിരി, മാമുക്കോയ, തേജസ് പെരുമണ്ണ, സി.വി.ദേവ്, വിനോദ് കോവൂര്‍, ഗീതാവിജയന്‍, ലളിതശ്രീ, അംബിക മോഹന്‍ തുടങ്ങിയവരും  ചിത്രത്തതിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഒറ്റയ്‌ക്കൊരു കാമുകൻ…

പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രമായി അജിന്‍ലാല്‍, ജയന്‍ വന്നേരി എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. ഷാലു റഹീമും ലിജോ മോളും നായികാനായകന്‍മാരാകുന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ടീസറിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവാഗതരായ എസ്.കെ സുധീഷ്, ശ്രീഷ് കുമാര്‍ എസ്. എന്നിവർ ചേർന്നാണ് ഒറ്റക്കൊരു കാമുകൻ  തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഡാസ്‍ലിംഗ് മൂവി ലാന്‍ഡിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലേറിയന്‍സ്, സജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിരാമി, ഷൈന്‍ ടോം ചാക്കോ, ജോജു ജോര്‍ജ്ജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഷഹീന്‍ സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഇപ്പോഴും ഇപ്പോഴും സ്തുതിയായിരിക്കട്ടെ…

രാജീവ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇപ്പോഴും ഇപ്പോഴും സ്തുതിയായിരിക്കട്ടെ. ഹൃദയാഘാതം മൂലം കഴിഞ്ഞ വര്ഷം മരണമടഞ്ഞ സംവിധായകന്റെ ചിത്രം നാളെ റിലീസിനെത്തുമ്പോൾ സന്തോഷത്തിനൊപ്പം ഒരുപിടി വേദനയും മലയാളികൾക്കിടയിലുണ്ട്.

സമക്ഷം… 

കൈലേഷിനെ നായകനാക്കി അജു കെ നാരായണനും അൻവർ അബ്ദുള്ളയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സമക്ഷം. കോട്ടയം ജില്ലയെ ജൈവ സാക്ഷരതയിൽ എത്തിക്കുന്നതിനായി ജൈവം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ചിത്രമാണ് സമക്ഷം.

369… 

ഹേമന്ദ് മേനോനും മിയാശ്രീയും പ്രധകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജെഫിൻ ജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 369. ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രം ഫാത്തിമ മേരിയും എബിൻ ബേബിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

പാപ്പാസ്…

നവാഗത സംവിധായകൻ സമ്പത്തിന്റെ ആദ്യം ചിത്രം ലോനപ്പൻ എന്ന ഒരു കുട്ടിയുടെ കഥയാണ് പറയുന്നത്. ലോനപ്പന്റെ തേഞ്ഞു തീരാറായ ഒരു ചെരുപ്പും ആ കുട്ടിയും  തമ്മിലുമ്മ ബന്ധം പറയുന്ന ചിത്രമാണ് പാപ്പാസ്. വളരെ ദരിദ്ര കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഒരുങുന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തും.