‘ഉയരെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്ത് ടൊവിനോ..

November 25, 2018

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രം ‘ഉയരെ’യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.  ടൊവീനോയാണ് പോസ്റ്റർ സമൂഹ മാധ്യമത്തിലൂടെ ഷെയർ ചെയ്തത്. പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് പറയുന്നത്. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി വേഷമിടുന്നത്.

മലയാളത്തിലും ഹിന്ദിയിലും ലക്ഷ്മിയുടെ ജീവിതകഥ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നുണ്ട്. ഹിന്ദിയില്‍ ദീപിക പദുക്കോണാണ് ലക്ഷ്മി ആയി വേഷമിടുന്നത്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് മലയാളത്തില്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ഹിന്ദിയില്‍ മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.