‘വള്ളിക്കുടിലിലെ വെള്ളക്കാരന്‍’ തീയറ്ററുകളിലേക്ക്

November 7, 2018

ഹാസ്യത്തിലൂടെ വലിയ സന്ദേശങ്ങള്‍ പറയാന്‍ ‘വള്ളിക്കുടിലിലെ വെള്ളക്കാരന്‍’ തീയറ്ററുകളിലേക്കെത്തുന്നു. ചിത്രം ഈ മാസം ഒമ്പതിന് റിലീസ് ചെയ്യും. ‘വിനോദയാത്ര’ എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗണപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ്വള്ളിക്കുടിലിലെ വെള്ളക്കാരന്‍. ഡഗ്ലസ്സ് ആല്‍ഫ്രഡ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ഫുള്‍ ടൈം കോമഡി എന്റെര്‍റ്റൈനെര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ്. ‘വള്ളിക്കുടിലിലെ വെള്ളക്കാരന്‍’ മികച്ച ഒരു കുടുംബ ചിത്രം കൂടിയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മുത്തുമണിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്‌. യുവതലമുറയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ലാല്‍, ബാലു വര്‍ഗീസ്, അജു വര്‍ഗീസ്, രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, വിഷ്ണു ഗോവിന്ദ് എന്നിവരും ചിത്രത്തില്‍പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്ന്തിരക്കഥ ഒരുക്കിയിരിക്കുന്നചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്. ദീപക് ദേവ് ആണ് സംഗീത സംവിധാനംനിര്‍വഹിക്കുന്നത്.

https://www.youtube.com/watch?v=Q_HCHDWasiY