‘ലില്ലി’യുടെ സംവിധായകന്‍ പ്രശോഭ് വിജയന്റെ പുതിയ ചിത്രം വരുന്നു; നായകന്‍ ജയസൂര്യ

April 2, 2019

മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയമായ ചിത്രമായിരുന്നു പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്റെ ‘ലില്ലി’. സംയുക്ത മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് പ്രശോഭ് വിജയന്‍. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങലിലെ വിത്യസ്തതകൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്റെ നിറവിലാണ് ജയസൂര്യ. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് താരത്തെ തേടി പുരസ്‌കാരമെത്തിയത്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പണ്ടേയ്ക്കുപണ്ടേ ജയസൂര്യ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ‘ക്യാപ്റ്റന്‍’. പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മലായളത്തിലെ ആദ്യ ബയോപിക് ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ ‘ക്യാപ്റ്റന്‍’. ഫുട്‌ബോള്‍നായകന്‍ വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ പ്രശംസയും നേടിയിരുന്നു.

പ്രജേഷ് സെന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന വെള്ളം എന്ന പുതിയ ചിത്രത്തിലും നായകനായെത്തുന്നത് ജയസൂര്യതന്നെയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Read more:ലൊക്കേഷനില്‍ കിടിലന്‍ പാട്ട്; ‘ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം’ എന്ന് ലാല്‍ ജോസ്

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ഈ ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് ജയസൂര്യ എത്തിയത്. ചിത്രത്തിനായുള്ള ജയസൂര്യയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ജയസൂര്യ ഏറെ കഷ്ടപ്പെട്ടിരുന്നു.