പ്രണയം പറഞ്ഞ് വിജയലക്ഷ്മിയും അനൂപും; വിവാഹ വീഡിയോ കാണാം

November 10, 2018

സംഗീതത്തിന്റെ ലോകത്ത് എന്നും അത്ഭുതമായിരുന്നു വൈക്കത്തിന്റെ സ്വന്തം പാട്ടുകാരി വിജയലക്ഷ്മി. ശാരീരിക അസ്വസ്ഥതകളെ പാടി തോൽപ്പിച്ച് സംഗീതത്തിന്റെ ലോകത്ത് പുതിയ ചരിത്രം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായത് മലയാളികൾ ഒന്നാകെ സന്തോഷത്തോടെയാണ് നോക്കികണ്ടത്..

വിജയ ലക്ഷ്മിയുടെ ജീവിതത്തിൽ ഇനി അങ്ങോട്ട് താങ്ങും തണലുമായി എത്തുന്നത് മിമിക്രി കലാകാരൻ അനൂപാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ മാസം 22 നാണ് ഇരുവരും വിവാഹിതരായത്. ചടങ്ങിൽ സിനിമ മാധ്യമ രംഗത്തെ നിരവധി ആളുകൾ പങ്കുചേർന്നിരുന്നു.

സുമംഗലി ആകാനൊരുങ്ങുന്ന ഈ അത്ഭുത കലാകാരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

പാട്ടും പാടി വന്ന് മലയാളികളുടെ മനം കവർന്ന വിജയ ലക്ഷ്മിയുടെ വിവാഹ തലേന്നുള്ള വീഡിയോയും വിജയ ലക്ഷ്മിയുടെ പാട്ടും നേരത്തെ  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

‘സ്വപ്‍ന സുന്ദരി നാൻ..’ എന്ന മനോഹര ഗാനമാണ് വിജയ ലക്ഷ്മി കല്യാണ തലേന്ന് പ്രിയപ്പെട്ടവർക്കായി പാടിയത്. വിജയ ലക്ഷ്മിയുടെ പാട്ടിനൊപ്പം നിരവധി ഗായകരും വിവാഹത്തിന്റെ തലേ ദിവസം ഒരുക്കിയ പരുപാടിയിൽ പാടിയിരുന്നു. ഇതിനൊപ്പം വിജയ ലക്ഷ്മിക്ക് മൈലാഞ്ചി ഇടുന്ന പ്രിയപ്പെട്ടവരെയും കല്യാണ ഒരുക്കങ്ങളും വിവാഹ വീഡിയോയിൽ കാണുന്നുണ്ട്.

വിജയലക്ഷ്മിയുടെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന അനൂപ് വിജയലക്ഷ്മിയെ തന്റെ ജീവിതസഖിയാക്കാൻ ക്ഷണിക്കുയായിരുന്നു. കലയെ സ്നേഹിക്കുന്ന വിജയലക്ഷ്മി അനൂപിന്റെ ക്ഷണത്തിന് സമ്മതം മൂളിയതോടെ ഇരുവരുടെയും വിവാഹത്തിന് വേദി ഒരുക്കുകയായിരുന്നു.

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരയണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകൻ അനൂപാണ് ജയലക്ഷ്മിയുടെ കഴുത്തിൽ താലിചാർത്തിയത്.

‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിലെ ”കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്” എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വിജയലക്ഷ്മി പിന്നീട് നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം കരസ്ഥമാക്കിയ താരം ”ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ ..”എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി. പിന്നീട് നിരവധി വേദികളിൽ സംഗീതത്തിന്റെ മാധുര്യവുമായി എത്തിയ വിജയലക്ഷ്മി മലയാള സിനിമയിലെ ഒഴിച്ച് കൂടാനാവാത്ത ഗായകരിൽ ഒരാളായി മാറി